Friday, May 1, 2026
Home » ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ ഭരണം 3.0 ലക്ഷ്യം വെച്ച് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്
'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' ഭരണം 3.0 ലക്ഷ്യം വെച്ച് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ ഭരണം 3.0 ലക്ഷ്യം വെച്ച് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്

by Editor

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ‘ എന്നതാണ് ഇത്തവണത്തെ പ്രധാന പ്രചാരണ മുദ്രാവാക്യം. 2016-ൽ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്നും 2021-ൽ ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതുമായിരുന്നു ഇടതുമുന്നണിയുടെ ഹിറ്റ് മുദ്രാവാക്യങ്ങൾ.

സി.പി.ഐ.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പുതിയ വാചകം പുറത്തിറക്കിയത്. എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും നേട്ടങ്ങളും നിരത്തിയാണ് ഈ തവണത്തെ പ്രചാരണം. സംസ്ഥാന സർക്കാർ കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളെ ഉൾക്കൊളിച്ചുള്ള വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. നടി ഭാവനയാണ് സർക്കാരിൻ്റെ നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോയിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത്. നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള പ്രമുഖർ സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്. സെറ്റല്ലേ… നമ്മളീ യാത്ര തുടരും എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടുവെങ്കിലും സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവിനാണ് സിപിഎമ്മും ഇടത് മുന്നണിയും ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി താത്കാലികം മാത്രമാണെന്നാണ് പാർട്ടിയും മുന്നണിയും വിലയിരുത്തുന്നത്. വികസന പ്രവർത്തനങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുകയും എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രചാരണം ശക്തിപ്പെടുത്തുകയും ചെയ്താൽ മൂന്നാമതും ഭരണത്തിലെത്താമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

Send your news and Advertisements

You may also like

error: Content is protected !!