Friday, May 1, 2026
Home » സംഗീതത്തിലെ തേനുംവയമ്പും; രവീന്ദ്രൻമാസ്റ്റർ
സംഗീതത്തിലെ തേനുംവയമ്പും; രവീന്ദ്രൻമാസ്റ്റർ

സംഗീതത്തിലെ തേനുംവയമ്പും; രവീന്ദ്രൻമാസ്റ്റർ

by Editor

ഉറവവറ്റാത്ത ഈണങ്ങളുടെ കൂട്ടിൽനിന്ന് അനശ്വരതയിലേക്ക് രവീന്ദ്രൻമാസ്റ്റർ കടന്നുപോയിട്ട് 2026 മാർച്ച് 3-ന് 21 വർഷം പൂർത്തിയായി. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമായിരുന്നു, മാസ്റ്ററുടെ ഓരോ ഗാനങ്ങളും. രാഗങ്ങളെ അതിന്റെ ഏറ്റവുംസങ്കീര്‍ണമായ തലത്തിൽ കൂടി നയിച്ച് മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞൻ.

ദാരിദ്ര്യംനിറഞ്ഞ ബാല്യവും, യൗവനവും ജീവിതത്തിലൂടെകടന്നുപോയപ്പോഴും സംഗീതത്തെ വിടാതെ നെഞ്ചോടു ചേർത്തുനിർത്തി അദ്ദേഹം. അങ്ങനെ കുളത്തൂപ്പുഴ രവി മലയാളത്തിന്റെ രവീന്ദ്രൻമാസ്റ്ററായി മാറി.

ആസ്വാദകരെയെല്ലാം തന്‍റെ ഈണത്താൽ കുരുക്കിയിടുന്ന എന്തോ ഒരൊറ്റമൂലിയുണ്ടായിരുന്നു രവീന്ദ്രന്‍ മാസ്റ്ററുടെ കൈവശം. അറിഞ്ഞുവിളമ്പിത്തരുന്ന അമ്മയുടെ മനസ്സുപോലെ. പാട്ടുകൾ സിനിമയ്ക്കും സിനിമ പാട്ടുകൾക്കും തുണയുംതാങ്ങുമായി വളർന്ന കാലത്തെ ജനപ്രിയതയുടെ അനിവാര്യതയായിരുന്നു പുതുമയും വ്യത്യസ്‌തതയുള്ള ഈണങ്ങൾ. അത്തരം ഈണങ്ങളിൽ ഏറ്റവും മികച്ചതൊരുക്കാനും ജനമനസ്സുകളിൽ സ്ഥാപിക്കാനും കഴിഞ്ഞുവെന്നതായിരുന്നു
രവീന്ദ്രന്‍മാസ്റ്ററുടെ പ്രത്യേകത.

1979-ൽ ശശികുമാർ സംവിധാനംചെയ്ത ചൂളയെന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻമാസ്റ്ററിന്റെ സംഗീതത്തെ മലയാളികൾ കേൾക്കുന്നത്. തീച്ചൂളയുടെ കൂർമ്മതയും, കാൽപ്പനികതയുടെ ലാളിത്യവും, ഈണങ്ങളുടെ മാന്ത്രികതയും ഒത്തിണങ്ങിയ അനേകം ഗാനങ്ങളിലേക്കുള്ള യാത്രയായിരുന്നു പിന്നീടങ്ങോട്ട്.

2005-ൽ വിധിവന്നുവിളിക്കുന്നതുവരെ. മലയാള സംഗീതത്തിൽ സപ്തസ്വരസാഗരങ്ങൾ അലയടിച്ചുകൊണ്ടിരിക്കെയായിരുന്നു, ആരോടും പറയാതൊരുയാത്രപോയത്.

അമരം, ഭരതം, ഹിസ്ഹൈനസ്അബ്ദുള്ള, കമലദളം, ആറാംതമ്പുരാൻ, സൂര്യഗായത്രി, നന്ദനം, കന്മദം, അഹം, വടക്കുംനാഥൻ അങ്ങനെ എത്രയോ ചിത്രങ്ങളിലൂടെ രവീന്ദ്രസംഗീതത്തിന്റെ മാന്ത്രികത നമ്മളറിഞ്ഞിരുന്നു. ഈണങ്ങളെ കെട്ടഴിച്ചുവിട്ട് അതിലേക്ക് ഏറ്റവും ഉചിതമായ ശബ്ദത്തിന്റെ ആലാപനമാധുര്യത്തെ കൂട്ടിക്കലർത്തുകയായിരുന്നു രവീന്ദ്രൻമാസ്റ്റർ.

പ്രമദവനവും ഹരിമുരളീരവവും, രാമകഥാഗാനലയവും, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുമൊക്കെ കാണാപ്പാഠമായിരുന്നു മലയാളികൾക്ക്. ബഹളങ്ങളില്ലാത്ത ഈണങ്ങൾകൊണ്ട് ഒരുവരിയെ എങ്ങനെ മധുരമയമാക്കാമെന്ന് മാസ്റ്റർ നമുക്ക്കാട്ടിത്തന്നു. ഏതെങ്കിലുമൊരുപാട്ടുകൊണ്ട്, രവീന്ദ്രൻമാസ്റ്ററെ നമുക്കൊന്ന് അടയാളപ്പെടുത്താൻകഴിയുമോ? ഒരിയ്ക്കലുമാവില്ല. കാരണം വിരൽതൊട്ടതിനൊക്കെ അത്രയോളം പവിത്രതയുണ്ടായിരുന്നു.

ഓർമ്മകളുടെ മുറ്റത്തേക്ക് മനസ്സിനെ വഹിച്ചുകൊണ്ടുപോകാന്‍, പ്രകൃതിയുടെ സംഗീതത്തിലേക്ക് വിസ്മയത്തോടെ നോക്കിയിരിക്കുവാൻ മാത്രം എന്തൊക്കെയോ മാന്ത്രികതയുണ്ടായിരുന്നു മാസ്റ്ററുടെ പാട്ടുകൾക്കൊക്കെ. കാലമെത്രമാറിയാലും മലയാളമണ്ണിലെന്നും രവീന്ദ്രസംഗീതം പൂത്തുലഞ്ഞുനിൽക്കും. മായാത്തസുഗന്ധവും പരത്തിക്കൊണ്ട്.

വിനോദ് കട്ടച്ചിറ

Send your news and Advertisements

You may also like

error: Content is protected !!