ഇന്നലെ രാവിലെ പത്രമെടുത്തപ്പോൾ ഈ വാർത്ത കണ്ടു ബോധം കെട്ടു പോയേനെ. ഇത്രേം വേതനം കിട്ടാൻ പോകുകയാണോ എന്ന് തെറ്റി ധരിച്ചു പോയി. വീട്ടമ്മക്ക് രാഷ്ട്ര നിർമ്മാതാവ് എന്ന് പേരിൽ ഒരു മാറ്റം. പിന്നെ വല്ല വണ്ടി അപകടത്തിലും പെട്ടു ഇഹലോകവാസം വെടിഞ്ഞാൽ ജീവിച്ചിരിക്കുന്ന ഭർത്താവിന് വീട്ടമ്മയുടെ സേവനത്തിനു പ്രതിമാസം 30000 രൂപ കണക്കാക്കി നഷ്ടപരിഹാരം.
വീട്ടമ്മ ഒരു നല്ല സംഭവം ആണ് ല്ലേ. എന്നാൽ പിന്നെ ജീവിച്ചിരിക്കുമ്പോൾ അർഹതപ്പെട്ട ഈ “രാഷ്ട്ര നിർമ്മാതാക്കൾ” ക്ക് ഇതിന്റെ പാതി കാശ് സേവനത്തിനു പ്രതിഫലം കൊടുത്താൽ അവർക്കു ആരുടെ മുന്നിലും കാശിനു കൈ നീട്ടേണ്ടി വരില്ലല്ലോ. ഇതൊക്കെ വായിച്ചു തൊഴിലില്ലാതെ വീട്ടിൽ ഇരുന്നു പോയ ഭർത്താക്കന്മാർ ഭാര്യ യാത്ര പോകുമ്പോൾ “ഇത് ഇവളുടെ ഒടുക്കത്തെ പോക്ക് ആകണേ” എന്നെങ്ങാനും മഹാപാപം ചിന്തിച്ച് പോകുമോ? ചുമ്മാ പറഞ്ഞതാണേ. ഒരു ഭർത്താവ് ഒരിക്കലും അങ്ങനൊന്നും ചിന്തിക്കില്ല. അവൾ ഭാര്യ, വീട്ടമ്മ, രാഷ്ട്ര നിർമ്മാതാവ്. അവളെ നമിക്കുക. സർവ്വം ശുഭം. എത്രയോ പുരുഷന്മാർ അവളില്ലായ്മയുടെ നോവുകൾ പേറുന്നു, സ്വാതന്ത്ര്യം ആസ്വദിക്കുന്നു.
ചുമ്മാ ഒരു മനോവിചാരം കയറിയതാ ഈ തലക്കെട്ടു കണ്ടപ്പോൾ… ഒപ്പം മാർക്കുള്ളവർ 50 000 ഒക്കെ സർവീസ് പെൻഷൻ വാങ്ങിക്കുമ്പോൾ ഈ രാഷ്ട്രനിർമ്മാതാവ് ഇങ്ങനെ ഒക്കെ ചിന്തിച്ച് പോകുന്നതിൽ തെറ്റില്ല അല്ലെ? എന്തായാലും വീട്ടമ്മമാരുടെ മൂല്യം കൂടി.. ആത്മാഭിമാനം കൂടി..ഹൌസ് വൈഫിൽ നിന്ന് ഹോം മേക്കറിലേക്ക് പ്രൊമോഷനും പേരുമാറ്റവും കിട്ടി. ആനന്ദ ലബ്ധിക്കിനിയെന്തു വേണം?
പി. സീമ

