Friday, July 18, 2025
Mantis Partners Sydney
Home » തെന്നലേ നീ എവിടെ..?
തെന്നലേ നീ എവിടെ..?

തെന്നലേ നീ എവിടെ..?

by Editor

സന്ധ്യ, ഒരു ചന്ദനത്തിരിപോലെ മെലിഞ്ഞുയർന്ന ശരീരത്തിൽ നീല സാരിയും ചുറ്റി കട്ടിലിൽ അമർന്നിരുന്നു. തലയ്ക്ക് മുകളിൽ ഉഷാ ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ലക്ഷണം, ഉറക്കത്തിന്റെ വിസ ലഭിക്കാത്തതു പോലെ. ഇന്നലെവരെ ഇങ്ങനെയൊരു അസ്വസ്ഥത ഉണ്ടായിരുന്നില്ല.

“അവനെ ഇന്ന് കാണരുതായിരുന്നു…”.

മനസ്സിനുള്ളിൽ അങ്ങനെ തോന്നിയെങ്കിലും, അവളുടെ ചുണ്ടിൽ വിടർന്ന ചില്ലറപ്പുഞ്ചിരി.. ആ തോന്നൽ വെറുതെയാണെന്ന് വ്യക്തമാക്കി. എന്തൊക്കെയോ ചെയ്യാൻ ശ്രമിച്ചെങ്കിലും ഒന്നും നേരെയാകാതെ പരാജിതയായവൾ, നിശ്ചലമായി ഇരുന്നുപോയി. മുഖത്തിൽ വിയർപ്പ് തുള്ളികൾ പൂത്തിരുന്നു…

ഡിഗ്രി ഫൈനലിയറിന് പഠിക്കുമ്പോൾ പരിചയപ്പെട്ടതാണ് വിനുവിനെ. വല്യ അടുപ്പമൊന്നുമില്ലായിരുന്നു. ഇപ്പോൾ പഠിത്തം നിർത്തി മൂന്ന് കൊല്ലം കഴിഞ്ഞു. എന്നിട്ടും ഒറ്റ നോട്ടത്തിൽ എങ്ങനെ അവനെ തനിക്ക് മനസ്സിലായി എന്ന് അവൾ ചിന്തിച്ചു. ഒരു അപരിചയാ ഭാവം പോലും വെളിപ്പെടുത്താതെ പെട്ടെന്ന് ചിരിച്ചുകൂടായിരുന്നുവെന്നും അവൾക്ക് തോന്നി. ഇന്ന് കൊച്ചിയിലെ കേരളാ ഫോക് മ്യുസിയത്തിൽ വച്ച് അവനെ കാണുമെന്നും, അവനുമായിട്ട് അരമണിക്കൂറോളം സംസാരിച്ചു നിൽക്കുമെന്നും അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സംഭാഷണത്തിന്റെ ഒടുവിൽ “വി മസ്റ്റ് മീറ്റ് ടുമോറോ” എന്ന് അവൻ പറഞ്ഞത് എന്തിനായിരിക്കും..? എന്നതാണ് അവളുടെ ഉറക്കത്തിന്റെ വിസ കിട്ടാത്തതിന്റെ കാരണം.

“എന്നെ പ്രൊപ്പോസ് ചെയ്യാൻ വല്ലതുമായിരിക്കുമോ..?” മുഖത്തൊരു മിന്നൽ വന്നുപോയി.

“അല്ലെങ്കിൽ…, മറ്റാരെയെങ്കിലും പ്രൊപ്പോസ് ചെയ്യുന്ന പാർട്ടിക്ക്, എന്നെ ക്ഷണിച്ചതായിരിക്കുമോ..?” മിന്നൽ.., ഇടിയായി മാറിയിരുന്നു.

” ഹേയ്…, അങ്ങനെയാവില്ല..!” അവൾ സ്വയം സമാധാനപ്പെടുത്തി.

” എന്നെ പ്രൊപ്പോസ് ചെയ്താൽ, എന്ത് ചെയ്യണം…?
പെട്ടെന്ന് സമ്മതം പറഞ്ഞാൽ.., വില പോകുമോ..?
പറഞ്ഞില്ലെങ്കിൽ വിനു പോകുമോ…? ശ്ശേ….!”
അവൾക്കൊരിടത്തും ചെന്നെത്താൻ കഴിഞ്ഞില്ല.

മര്യാദ ഭാവിച്ചതുപോലെ നിവർന്നെഴുന്നേറ്റ് നിന്നവൾ, കമഴ്ന്ന് കട്ടിലിൽ വീണ്ടും വീണു. ദേഹമാകെ വിയർത്തിരുന്നു. അവൾ തലയുയർത്തി ഉഷയെ നോക്കി. അവൾ അപ്പോഴും കറങ്ങുന്നുണ്ടായിരുന്നു.

‘തെന്നലേ നീ എവിടേ…?’
‘നിശ്ച്ചലമായ വൃക്ഷങ്ങൾ ‘
‘വിയർപ്പിൽ മുങ്ങിയ പൂക്കൾ ‘
‘നീന്തൽ മറന്ന മേഘങ്ങൾ’
‘ശാന്തമായ തിരകൾ’
‘കരയൊതുങ്ങാത്ത ഓളങ്ങൾ’
‘കാറ്റുണ്ടെന്ന് അവൾ അറിയുന്നത്..-
സ്വന്തം ശ്വസനത്തിലൂടെ മാത്രം’

അനന്ദ് രമേഷ്

Send your news and Advertisements

You may also like

error: Content is protected !!