Sunday, May 3, 2026
Home » ഇറാൻ – അമേരിക്ക വാക്പോര് മുറുകുന്നു: യുദ്ധത്തിന് സജ്ജമെന്ന് ഇറാൻ; സമാധാനത്തിന് റഷ്യൻ നീക്കം
ഇറാൻ അമേരിക്ക റഷ്യ

ഇറാൻ – അമേരിക്ക വാക്പോര് മുറുകുന്നു: യുദ്ധത്തിന് സജ്ജമെന്ന് ഇറാൻ; സമാധാനത്തിന് റഷ്യൻ നീക്കം

by Editor

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് കടുക്കുന്നു. അമേരിക്കയുടെ ഏത് സൈനിക നീക്കത്തെയും നേരിടാൻ ഇറാനിയൻ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പ്രതിനിധി മുഹമ്മദ് ജാഫർ അസദി. ഇറാന്റെ പുതിയ സമാധാന നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.

സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാന്റെ പരമോന്നത സൈനിക ഉദ്യോഗസ്ഥൻ മുഹമ്മദ് ജാഫർ അസദി മുന്നറിയിപ്പ് നൽകി. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനിടയിൽ, ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന യുഎസ് നാവികസേനയുടെ നീക്കത്തെ കടൽക്കൊള്ളക്കാരെപ്പോലെ എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുന്നതിനെ “കടൽ കൊള്ള” (Pirates) എന്ന് ട്രംപ് വിശേഷിപ്പിച്ചത് വിവാദമായിരിക്കുകയാണ്. ഇത് ലാഭകരമായ ബിസിനസ് ആണെന്നും അദ്ദേഹം ഒരു പ്രസംഗത്തിനിടെ പറഞ്ഞു. ഫ്ലോറിഡയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ വിവാദപരമായ പരാമർശം നടത്തിയത്.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ഇത് സമുദ്രത്തിലെ “സായുധ കവർച്ച”യാണെന്നും ഇറാൻ ആരോപിച്ചു. ലോകം കടൽക്കൊള്ളക്കാരുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബാഘായ് പറഞ്ഞു. നിയമവിരുദ്ധമായ നടപടികളെ യുഎസ് നിയമപരമായ ന്യായീകരണങ്ങൾ നൽകി മറയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ ആയിരിക്കവെ റഷ്യ ഇറാനുമായി ചർച്ച നടത്തി. ആണവ വിഷയത്തിലെ പരിഹാരവും ഹോർമുസ് പ്രതിസന്ധിയും ഇറാനും റഷ്യയും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലാണ് സംസാരിച്ചത്. പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ നീക്കത്തെ ലോകം അതീവ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രശ്ന പരിഹാരത്തിന് റഷ്യൻ മധ്യസ്ഥതക്ക് ഇറാൻ നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അമേരിക്ക ഇതുവരെയും ഈ നീക്കത്തെ അനുകൂലിച്ചിട്ടില്ല.

ഇറാൻ മുന്നോട്ടുവെച്ച പുതിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ താൻ അതൃപ്‌തനാണെന്ന് വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവൈ ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാൻ ഭരണകൂടത്തിനുള്ളിൽ ആഭ്യന്തര ഭിന്നത രൂക്ഷമാണെന്നും ട്രംപ് ആരോപിച്ചു. ഒന്നുകിൽ കൂടുതൽ ശക്തമായ സൈനിക നടപടി അല്ലെങ്കിൽ അമേരിക്കയ്ക്ക് കൂടി തൃപ്‌തികരമായ ഒരു സമാധാന കരാർ – ഇതിലേതെങ്കിലും ഒന്നായിരിക്കും ഇനി സംഭവിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിൽ ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സമാധാനം ആഗ്രഹിച്ചുള്ള നീക്കമല്ലെന്നും മറിച്ച് യുദ്ധാധികാര പ്രമേയ പ്രകാരം കോൺഗ്രസിൻ്റെ അനുമതി കൂടാതെ സൈനിക നടപടികൾ തുടരാനുള്ള തന്ത്രമാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു. 1973 ലെ നിയമപ്രകാരം യുഎസ് കോൺഗ്രസിൻ്റെ പ്രത്യേക അനുമതിയില്ലാതെ ഒരു രാജ്യവുമായി 60 ദിവസത്തിൽ കൂടുതൽ സൈനിക സംഘർഷത്തിൽ ഏർപ്പെടാൻ പ്രസിഡൻ്റിന് അധികാരമില്ല. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് ‘യുദ്ധം അവസാനിച്ചു’ എന്ന് ട്രംപ് കത്തിൽ സൂചിപ്പിച്ചത്. എന്നാൽ സാഹചര്യങ്ങൾ സമാധാനത്തിലേക്കല്ല മറിച്ച് വീണ്ടും ഒരു യുദ്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് ഇരു രാജ്യങ്ങളുടെയും പുതിയ നിലപാടുകൾ. അന്താരാഷ്ട്ര തലത്തിൽ ഈ വിഷയം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി.

Send your news and Advertisements

You may also like

error: Content is protected !!