ഫെബ്രുവരി 28-ന് കോട്ടയത്തു വെച്ച് ആൻസിയുടെ ഭാനുമതി പ്രകാശിതയായി. മനോജ്ഞമായ ആ ചടങ്ങിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു. ഇതിലെ പല കവിതകളും ഞാൻ വായിച്ചിട്ടുള്ളതാണ്. എങ്കിലും പുസ്തക രൂപത്തിൽ കൈയിൽ കിട്ടിയപ്പോൾ, അവളുടെ അഴക് പതിന്മടങ്ങു വർദ്ധിച്ചതായി അനുഭവപ്പെട്ടു.
28 കവിതകളാണ് ഉള്ളടക്കം. വില്യം വേഡ്‌സ്‌വർത്ത് കവിതയെ, “ശക്തമായ വികാരങ്ങളുടെ സ്വത സിദ്ധമായ കവിഞ്ഞൊഴുകൽ” എന്നാണ് നിർവചിച്ചത്.
എമിലി ഡിക്കിൻസൺ പറഞ്ഞു, “ഞാൻ ഒരു പുസ്തകം വായിക്കുമ്പോൾ അത് എന്റെ ശരീരത്തെ തണുപ്പിക്കുന്നുവെങ്കിൽ, ഒരു തീയ്ക്കും എന്നെ ചൂടാക്കാൻ കഴിയില്ല. അത് കവിതയാണെന്ന് എനിക്കറിയാം..”
ഇതെല്ലാം പ്രശസ്തരുടെ വാക്കുകൾ. പക്ഷെ കവിതയിൽ നിങ്ങളെ കാണാൻ സാധിച്ചാൽ എന്നെ കാണാൻ സാധിച്ചാൽ, കവി വിജയിച്ചു. ആ വിജയം ഭാനുമതിക്കു സ്വന്തം.
ഒറ്റുകാരിൽ തുടങ്ങി, ഹൗസ് വൈഫിൽ ചെന്നുനിൽക്കുന്ന കവിതകൾ. ഒറ്റുകാർ യേശുവിനെക്കുറിച്ചുള്ള ഒരു കവിതയാണ്. അവിടെ യേശു മാത്രമല്ല, നമ്മളുമുണ്ട്. യേശുവിന്റെ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തവർ, കനിവിന്റെ തുള്ളി കാണാത്തവർ, മലമുകളിൽ തന്നെ അനുഗമിക്കുമെന്നു കരുതിയവർ, ആരെയും കണ്ടില്ല.
“ഒറ്റക്കിരുന്നു കരഞ്ഞു ഞാൻ”
പുസ്തകത്തിന്റെ തലക്കെട്ട് .. “ഭാനുമതി “ അതിൽ ഞാൻ എന്നെക്കണ്ടു, എന്റെ അമ്മയെക്കണ്ടു, ഒരുപാട് അമ്മമാരേ കണ്ടു, പെൺമക്കളെ കണ്ടു. അവൾ തങ്കം, അമ്മു, അല്ല അവളെ നമുക്ക് ഭാനുമതി എന്ന് വിളിക്കാം. പുരാണത്തിലെ കലിംഗ രാജാവായ ചിത്രാംഗദന്റെ പുത്രിയായ ഭാനുമതി മുതൽ നമ്മുടെ അടുത്ത വീട്ടിലെ ഭാനുമതി വരെ.
ഇരുപതാമത്തെ താളിലെ കവിത, “അച്ഛൻ മരിച്ചുപോയ പെൺകിടാങ്ങൾ” എനിക്ക് വളരെ ഇഷ്ടപ്പെട്ട കവിത . അച്ഛന്മാർ പെൺകിടാങ്ങളുടെ ആദ്യ ഹീറോ. അച്ഛൻ പോയാൽ പിന്നെ നമുക്കായി ചോദിക്കാനും പറയാനും ആരുണ്ട് ..?
പേജ് 6
പ്രസക്തമായ ചില വരികൾ ചേർക്കുന്നു .
അച്ഛനില്ലല്ലോ ..
കരയുന്നോ
മണ്ടീ
അയ്യേ ..
പെൺമക്കൾ
കരഞ്ഞീടല്ലേ ..
നെറ്റിയിൽ
പ്രാർത്ഥനാ മുദ്രയും വരച്ചെന്റെ
പനിച്ചൂടുകൾക്കരികെ
ചേർന്നിരുന്നോരച്ഛൻ
മരിച്ചു പോയീടിലും ..
പ്രിയ കാമുകാ
കൂട്ടുകാരാ
എനിക്കച്ഛൻ മതി.
മദം വളർത്തിയും
മോഹമുണർത്തിയും
പകരുമനുഭൂതികൾക്കും
കാലങ്ങൾക്കുമപ്പുറം
നീയൊരുൺമയായ്
മിടിച്ചിടാൻ
മകളുടെ
ഹൃത്തടമല്ലാതെയെങ്ങിടം?
അച്ഛനാവണം നീ ,
എന്റെയച്ഛനെന്ന്
അവൾക്കുച്ചരിക്കാൻ..
ഒരുപക്ഷേ പെണ്മക്കൾ മാത്രമുള്ള വീട്ടിലെ മൂത്ത പെണ്ണായി പിറന്ന എനിക്ക് എന്റെ അപ്പൻ നഷ്ടപ്പെട്ടപ്പോൾ, കൂടെ എന്റെ വീടും നഷ്ടമായി എന്നു തോന്നി. ഇപ്പോഴും അപ്പന്റെ വേർപാട് ഒരു വിങ്ങൽ ആണ്.
യോജിക്കാത്ത പടമെന്ന കവിതയിൽ എല്ലാവരുമുണ്ട്. പുറമെ കാണിക്കാത്ത സ്നേഹം. പക്ഷെ നിറഞ്ഞുനിൽക്കുന്ന സ്നേഹം..
പെണ്ണെഴുത്ത് എന്ന കവിതയിൽ ആൻസി പലപ്പോഴും സംഭാഷണ മദ്ധ്യേ പറഞ്ഞ കാര്യങ്ങളാണ്.
കവിതയെഴുതാൻ കഴിവുള്ള കൈകൾ കൊണ്ട് കറിവെക്കുമ്പോൾ കറികൾക്കു കവിതയുടെ മണം.
കഥയെഴുതാൻ അറിയുന്ന കൈകൾ
ചോറുവെച്ചാൽ ചോറിനു കഥയുടെ രുചി …
ആരുടെ എഴുത്താണ്? അടുക്കളയിൽ പെരുമാറുന്ന നേരവും കഥയെക്കുറിച്ചും കവിതയെക്കുറിച്ചും ആലോചിക്കുന്നവളുടെ വരികൾ.
അറിഞ്ഞാലും അറിയാത്ത ഭാവം നടിക്കുന്ന, പെണ്ണിന്റെ കളളത്തരം. അതെ അവളെക്കൊണ്ട് സാധിക്കൂ ..
ജീവിതം മുൻപോട്ടു നീങ്ങുമ്പോൾ അല്ലാതെ എന്ത് ചെയ്യും? ബി പ്രാക്ടിക്കൽ എന്നു പറയാം.
കള്ളം മഷി വരയ്ക്കുന്ന കണ്ണുകൾ എന്ന കവിതയിൽനിന്നും കുറച്ചു വരികൾ.
ആദ്യത്തെയാൾ
ഉറ്റുനോക്കി
താൻ പകർന്ന
ചുംബനപ്പാടുകൾ
പതിഞ്ഞു കിടന്നത്
കണ്ടെടുത്തു
ഓർമ്മയില്ലേ
അന്ന് നമ്മൾ ….
എന്തിനാണിങ്ങനെ
നോക്കി നിൽക്കുന്നത്
എനിക്കതൊന്നു
– മോർമ്മയില്ല
കണ്ണിനു ചോട്ടിൽ
കള്ളത്തരം മഷിവരയ്ക്കുന്നത്
കണ്ടു
തിരിഞ്ഞു നടന്നയാൾ
ആശ്വസിച്ചു …
കവിതയിലെ കാല്പനികത, ജീവിതവുമായി ഒത്തുചേരുമ്പോൾ അതിന്റെ മേന്മ പതിന്മടങ്ങു വർദ്ധിക്കുന്നു.
കൂടുതൽ എഴുതുന്നില്ല, അത് വായനാസുഖം ഇല്ലാതാക്കും.
മാക്ബത് പബ്ളിക്കേഷൻ & മീഡിയ ആണ് പുസ്തകം പ്രസിദ്ധികരിച്ചത്. കോപ്പി ആഗ്രഹിക്കുന്നവർ, ഈ whatsapp നമ്പറിൽ +918547649848 (macbeth publication) മെസ്സേജ് അയയ്ക്കുക.
പുഷ്പമ്മ ചാണ്ടി, ചെന്നൈ