വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് വിരാമമിട്ടുള്ള യു.എസ്-ഇറാൻ സമാധാന കരാറിന്റെ ഘടന വെളിപ്പെടുത്തി അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്. യു.എസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമായി ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിന്റെ (MoU) ഘടനയും വിശദാംശങ്ങളും ആണ് യു.എസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവെച്ച ഈ കരാർ ഒരു സാധാരണ സമാധാന ഉടമ്പടിയല്ലെന്നും, വരാനിരിക്കുന്ന വലിയ ചർച്ചകൾക്കുള്ള കൃത്യമായ ചട്ടക്കൂടാണെന്നും വാൻസ് വ്യക്തമാക്കി
കരാറിൻ്റെ ഭാഗമായി അമേരിക്ക ഇറാന് 300 മില്യൺ ഡോളർ കൈമാറുന്നുണ്ടെന്ന വാർത്തകൾ വാൻസ് പൂർണമായും തള്ളി. കരാറുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. അമേരിക്ക ഇറാന് 24 ബില്യൺ ഡോളർ നൽകുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ ഞാൻ കണ്ടു. ഇത് പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വാൻസ് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഇക്കാര്യം വ്യക്തമാക്കിയത്. കരാറിൽ ഒപ്പുവെച്ചതുകൊണ്ട് മാത്രം ഇറാനിലെ മരവിപ്പിച്ച ഫണ്ടുകളോ പണമോ വിട്ടുനൽകില്ലെന്ന് വാൻസ് വ്യക്തമാക്കി. നിബന്ധനകൾ പൂർണ്ണമായി പാലിച്ചാൽ, ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ ഫണ്ട് ചെയ്യുന്ന 300 ബില്യൺ ഡോളറിന്റെ പുനർനിർമാണ പാക്കേജ് ലഭ്യമാക്കാനുള്ള അവസരം ഇറാനുണ്ടാകും.
ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ആഗോള വിപണിയിൽ എണ്ണവില കുറയുന്നതും ഉൾപ്പെടെ കരാറിന്റെ പ്രധാന നേട്ടങ്ങൾ അദ്ദേഹം ആവർത്തിച്ചു. ഭൗമശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഉടനടി തുറന്നുനൽകും. ഭാവിയിൽ ഈ ജലപാതയിലൂടെ യാതൊരുവിധ നികുതിയും ഈടാക്കാതെ കപ്പലുകൾക്ക് കടന്നുപോകാൻ സാധിക്കുമെന്ന് വാൻസ് പ്രത്യാശ പ്രകടിപ്പിച്ചു.
പശ്ചിമേഷ്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നത് ഇറാൻ നിർത്തലാക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. നിലവിൽ സമ്പുഷ്‌ടീകരിച്ച് സൂക്ഷിച്ചിരിക്കുന്ന ആണവ സാമഗ്രികളുടെ ശേഖരം പൂർണമായും ഇല്ലാതാക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ യുറേനിയം സമ്പുഷ്‌ടീകരണം അവർ പൂർണമായി നിർത്തി വെച്ചാൽ മാത്രമേ കരാറിലെ മറ്റ് ആനുകൂല്യങ്ങൾ ഇറാന് ലഭിക്കൂ എന്ന് വാൻസ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് ഇറാന്റെ ആണവ ശേഖരം നശിപ്പിക്കുന്നത് അമേരിക്ക ഉറപ്പുവരുത്തും. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതിനൊപ്പം, രാജ്യം സമാധാനത്തിൻ്റെ പാതയിലേക്ക് വന്നാൽ ബന്ധം മെച്ചപ്പെടുത്താൻ അമേരിക്ക തയാറാണെന്നും വാൻസ് കൂട്ടിച്ചേർത്തു.
നിലവിലെ താൽക്കാലിക വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഈ 60 ദിവസത്തിനുള്ളിൽ ആണവ പദ്ധതികൾ, മിസൈൽ നിയന്ത്രണം തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും അന്തിമ തീരുമാനത്തിലെത്തണം.
യുഎസ്-ഇറാൻ ആണവ കരാറിന്റെ നിബന്ധനകൾ അറിയില്ല; ഇറാൻ ആണവായുധം ഉണ്ടാക്കാൻ സമ്മതിക്കില്ല: നെതന്യാഹു

