പാരീസ്: പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ കൂട്ടായ്‌മയായ ജി7 കൂട്ടായ്മയ്ക്ക് ഇനി ഒരിക്കലും ലോകത്തെ ഒറ്റയ്ക്ക് നിയന്ത്രിക്കാനാകില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ലോകം പുതിയൊരു ആഗോള ക്രമത്തിലേക്ക് മാറുമ്പോൾ, അതിനെ രൂപപ്പെടുത്താൻ സഹായിക്കുന്ന പ്രധാന ശക്തികളിൽ ഒന്നാണ് ഇന്ത്യ. പുതിയ ലോക ക്രമത്തിൽ ആഗോള ശക്തികളുടെ പരമാധികാരവും ആധിപത്യവും ആർക്കും മാത്രമായി അവകാശപ്പെടാനാകില്ലെന്നും ഇന്ത്യയുടെ സാന്നിധ്യം ആഗോളതലത്തിൽ ഒഴിച്ചുകൂടാനാകാത്തതാണെന്നും കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. ഫ്രാൻസിൽ നടക്കുന്ന ജി-7 (G7) ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ സുപ്രധാന നിരീക്ഷണം നടത്തിയത്
ജി7 രാജ്യങ്ങൾ എപ്പോഴെങ്കിലും ലോകത്തെ നിയന്ത്രിച്ചിട്ടുണ്ടെങ്കിൽ, ഇനി അവർക്ക് ലോകം ഭരിക്കാനാകില്ല. ലോകം തങ്ങളുടെകീഴിലാണെന്ന് ഭാവിക്കാൻ പോലും അവർക്ക് സാധിക്കില്ലെന്ന് മാർക്ക് കാർണി കൂട്ടിച്ചേർത്തു. ഇന്നത്തെ ആഗോള വെല്ലുവിളികൾ കുറച്ചു രാജ്യങ്ങൾക്ക് മാത്രമായി പരിഹരിക്കാൻ കഴിയില്ല. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾ ഒപ്പമുണ്ടാകുമ്പോൾ മാത്രമേ കൂടുതൽ വിപുലമായ കാഴ്ചപ്പാടുകളും യഥാർത്ഥ പരിഹാരങ്ങളും കണ്ടെത്താനാകൂ
വർധിച്ച് വരുന്ന ഭൗമ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ ലോകത്തിലെ മധ്യവർത്തി ശക്തികൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും ഈ വർഷം ആദ്യം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ താൻ മുന്നോട്ടുവെച്ച ആശയങ്ങളെ ശരിവെക്കുന്ന രീതിയിലാണ് പുതിയ ലോക രാഷ്ട്രീയ ക്രമം രൂപപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും ഊർജ്ജം, നിർമ്മിത ബുദ്ധി (AI), സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വലിയ പങ്കാളിയാണെന്നും ജി-7 ഉച്ചകോടിയുടെ വേദിയിൽ വെച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

