Wednesday, June 17, 2026
Home » പ്രശസ്ത ഭക്തിഗാന രചയിതാവ്, ‘തിരുനാമകീർത്തന’ത്തിന്റെ അമരക്കാരൻ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു.
പ്രശസ്ത ഭക്തിഗാന രചയിതാവ്, 'തിരുനാമകീർത്തന'ത്തിന്റെ അമരക്കാരൻ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു.

പ്രശസ്ത ഭക്തിഗാന രചയിതാവ്, ‘തിരുനാമകീർത്തന’ത്തിന്റെ അമരക്കാരൻ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു.

by Editor

കോട്ടയം: ‘തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ…’ എന്ന അനശ്വര വരികളിലൂടെ മലയാളികളുടെ പ്രാർത്ഥനാ മുറികളെയും ദേവാലയങ്ങളെയും ഭക്തി സാന്ദ്രമാക്കിയ പ്രശസ്ത ഗാനരചയിതാവും വചന പ്രഘോഷകനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി (77) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് കോട്ടയം അടിച്ചിറയിലുള്ള പരിത്രാണ ധ്യാന കേന്ദ്രത്തിൽ നടക്കും.

എഴുന്നൂറോളം ഭക്തി ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നിത്യത തീർക്കുന്ന നിമിഷങ്ങളിൽ എന്ന ഗാനമാണ് ആദ്യമായി രചിച്ചത്. വചനോത്സവം മാസികയുടെ സ്‌ഥാപക പത്രാധിപരായിരുന്നു. നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്‌തു പരാമർഥം തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങൾ.

വിൻസെൻഷ്യൻ സഭാംഗമായ ഫാ. പനച്ചിക്കൽ അഞ്ച് പതിറ്റാണ്ടിലേറെക്കാലം ആത്മീയ-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. 1974 ൽ പൗരോഹിത്യം സ്വീകരിച്ച അദേഹം പോപ്പുലർ മിഷൻ ധ്യാനങ്ങളുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെൻ്ററിക്ക് വേണ്ടിയാണ് ആദ്യമായി ഗാനമെഴുതുന്നത്. കെ.ജെ യേശുദാസ് ആലപിച്ച ‘നിത്യത തീർക്കുന്ന നിമിഷങ്ങളെ, സ്വർഗം തുറക്കുന്ന നിമിഷങ്ങളെ’ എന്ന ആ ആദ്യ ഗാനം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

നാഥാ അങ്ങേ ദിവ്യകാരുണ്യം…,
ആത്മാവിൻ ആഴങ്ങളിൽ…,
സ്നേഹത്തിൻ ഇടയനാം നാഥാ…,
യേശുവിൻ ആത്മാവേ എന്നെ വിശുദ്ധീകരിക്കണമേ…,
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം..,
പിതാവേ അനന്ത നന്മയായ്…,
തന്നാലും നാഥാ ആത്മാവിനെ….,
തൃക്കൈകളിൽ പൂജ്യപാദങ്ങളിൽ…. തുടങ്ങി എഴുന്നൂറിലധികം ഭക്തി ഗാനങ്ങൾ അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് പിറന്നു.

പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്‍റർ ഡയറക്ടര്‍, അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു.

1948 സെപ്റ്റംബർ ആറിന് ദേവസ്യയുടെയും ഏലിയുടെയും മകനായാണ് ജനനം.
സഹോദരങ്ങൾ: സിസ്റ്റർ ജിസെല്ല (മുംബൈ), പരേതനായ ജോസഫ്, സിസ്റ്റർ ഫ്രാൻസിന (കോഴിക്കോട്), സിസ്റ്റർ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യർ, പരേതനായ സെബാസ്റ്റ്യൻ, സിസ്റ്റർ കുഞ്ഞമ്മ (എറണാകുളം), ആനി സൈഫി.

Send your news and Advertisements

You may also like

error: Content is protected !!