ഫ്രാൻസിലെ ഏവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. ഏകദേശം 16 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും നേരിട്ട് ചർച്ച നടത്തുന്നത്. പതിവിന് വിപരീതമായി ഇരുവരും തമ്മിൽ ഹസ്‌തദാനത്തിലും ചെറുചിരിയിലും സ്വാഗതം ചുരുക്കി. സാധാരണയായി ഇരുവരും തമ്മിൽ ആംലിഗനം ചെയ്ത് ആയിരുന്നു പരസ്‌പരം സ്വാഗതം ചെയ്‌തിരുന്നത്. എന്നാൽ ഇന്ന് അതിന് വിപരീതമായിരുന്നു സ്ഥിതഗതികൾ.
ഇരുവർക്കുമിടയിലുണ്ടായിരുന്ന സൗഹൃദ ചിഹ്നമായ ‘മോദി-ട്രംപ് ഹഗ്’ ഉണ്ടായില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ട്രംപ് ഇരിക്കുന്നിടത്തേക്ക് മോദി എത്തുകയും ഹസ്‌തദാനം ചെയ്ത‌് ചിരിച്ച ശേഷം ചെറു സംഭാഷണത്തിൽ ഒതുക്കിയ ശേഷം അവരവരുടെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂർ, തീരുവ യുദ്ധം, ഒമാൻ തീരത്തെ കപ്പലിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതടക്കമുള്ള സാഹചര്യങ്ങൾ നിലനിൽക്കെയാണ് ഇരുവരും തമ്മിൽ പരസ്പരം കണ്ടുമുട്ടുന്നത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി വാഷിങ്ടൺ സന്ദർശിച്ചതിന് ശേഷം ഇപ്പോഴാണ് ഇരുവരും തമ്മിൽ കാണുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ ഉഭയകക്ഷി വ്യാപാര കരാർ വേഗത്തിലാക്കാൻ ചർച്ചകളുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് ചുമത്തിയ അധിക നികുതികൾ കുറയ്ക്കുന്നതിനെക്കുറിച്ചും യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നൽകേണ്ട ഇളവുകളെക്കുറിച്ചും ചർച്ച നടന്നു. റഷ്യൻ എണ്ണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളും ചർച്ചകളിൽ നിഴലിച്ചു. ഒമാൻ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയം ഇന്ത്യ ഗൗരവമായി ഉന്നയിച്ചു. ഈ സംഭവത്തിൽ നിലനിൽക്കുന്ന നയതന്ത്ര സമ്മർദ്ദം കുറയ്ക്കാൻ ഇരുപക്ഷവും ചർച്ച നടത്തി എന്നും സൂചനയുണ്ട്. ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ ബാധിക്കുന്ന യുഎസിലെ വിസ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

