അങ്കാറ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ ഓപ്പറേഷൻ സിന്ദൂർ സൈനിക സംഘർഷത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിക്ക് സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടി. തുർക്കിയിലെ പ്രമുഖ വ്യോമയാന സേവന കമ്പനിയായ സെലെബി ഏവിയേഷന് ഇന്ത്യയിൽ ഏർപ്പെടുത്തിയ അപ്രതീക്ഷിത വിലക്കാണ് കമ്പനിയുടെ ബിസിനസ് സാമ്രാജ്യത്തെ തകിടം മറിച്ചത്.
തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനത്താവള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനിയായ സെലെബി ഏവിയേഷന് (Celebi Aviation) ദേശീയ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷ സമയത്ത് തുർക്കി പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ച പശ്ചാത്തലത്തിലാണ്, 2025 മേയ് മാസത്തിൽ കമ്പനിയുടെ സുരക്ഷാ അനുമതി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) റദ്ദാക്കിയത്. വിലക്കിനെത്തുടർന്ന് ഒറ്റദിവസം കൊണ്ട് തങ്ങൾക്ക് 400 മില്യൺ മുതൽ 500 മില്യൺ ഡോളർ (ഏകദേശം 4,200 കോടി രൂപ) വരെയുള്ള ബിസിനസ്സ് മൂല്യം നഷ്ടപ്പെട്ടതായി കമ്പനി ചെയർപേഴ്‌സൺ കാനൻ സെലെബിയോഗ്ലു മാധ്യമങ്ങളോട് വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യൻ സൈന്യം നടത്തിയ അതിശക്തമായ സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഈ ഘട്ടത്തിൽ തുർക്കി പരസ്യമായി പാക്കിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാക്കിസ്ഥാനിലേക്ക് 350 -ൽ അധികം ബെയ്റാക്തർ ടിബി2, അസിസ്ഗാർഡ് സോംഗാർ തുടങ്ങിയ അത്യാധുനിക ഡ്രോണുകളും അവ പ്രവർത്തിപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥരെയും തുർക്കി അയച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യൻ സൈനിക-സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ഈ ഡ്രോണുകൾ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. സംഘർഷത്തിനിടയിൽ രണ്ട് തുർക്കി സൈനിക ഉദ്യോഗസ്ഥർ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടത് തുർക്കിയുടെ നേരിട്ടുള്ള ഇടപെടലിന് തെളിവായി ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതേത്തുടർന്നാണ് ഇന്ത്യ നടപടികൾ ആരംഭിച്ചത്. ഇന്ത്യയിലെ 9 പ്രമുഖ വിമാനത്താവളങ്ങളിലായി (ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ) പ്രവർത്തിച്ചിരുന്ന കമ്പനിയുടെ പതിനായിരത്തോളം ജീവനക്കാരെയും പ്രവർത്തനങ്ങളെയും ഒറ്റദിവസം കൊണ്ട് മറ്റ് ഇന്ത്യൻ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികളിലേക്ക് സർക്കാർ മാറ്റി. വിമാനത്താവളങ്ങളിൽ കമ്പനിക്കുണ്ടായിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും അധികൃതർ കണ്ടുകെട്ടി. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഓപ്പറേറ്റർമാരിൽ ഒന്നായിരുന്ന സെലെബി പ്രതിവർഷം 58,000 വിമാനങ്ങളും 5.4 ലക്ഷം ടൺ കാർഗോയും കൈകാര്യം ചെയ്തിരുന്നു. 17 വർഷത്തെ തങ്ങളുടെ കഠിനാധ്വാനമാണ് ഒറ്റദിവസം കൊണ്ട് ഇല്ലാതായതെന്ന് കമ്പനി ചെയർപേഴ്‌സൺ കാനൻ സെലെബിയോഗ്ലു ബ്ലൂംബെർഗിനു (Bloomberg) നൽകിയ അഭിമുഖത്തിൽ വികാരാധീനയായി പറഞ്ഞു.
സുരക്ഷാ അനുമതി റദ്ദാക്കിയതിനെതിരെ, തങ്ങൾക്ക് തുർക്കി സർക്കാരുമായോ രാഷ്ട്രീയവുമായോ യാതൊരു ബന്ധവുമില്ലെന്ന് കാണിച്ച് സെലെബി ഏവിയേഷൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയിൽ നിന്നും തിരിച്ചടിയാണ് നേരിട്ടത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ കോടതി, ക്ഷമിക്കുന്നതിനേക്കാൾ നല്ലത് ജാഗ്രത പാലിക്കുന്നതാണെന്ന് നിരീക്ഷിച്ച് സർക്കാർ ഉത്തരവ് ശരിവെക്കുകയായിരുന്നു. തുർക്കി പ്രസിഡൻ്റ് എർദോഗന്റെ മകൾക്ക് കമ്പനിയിൽ പങ്കാളിത്തമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ കമ്പനി നിഷേധിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല.

