Home » ട്രംപ് – മെലോനി വാക്പോര് തുടരുന്നു
ട്രംപ് – മെലോനി വാക്പോര് തുടരുന്നു

ട്രംപ് – മെലോനി വാക്പോര് തുടരുന്നു

by Editor

ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തനിക്കൊപ്പം ചിത്രമെടുക്കാൻ യാചിച്ചുവെന്ന് ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തെതുടർന്നുണ്ടായ വാക്പോര് തുടരുന്നു. ഇറ്റലിയിൽ മെലോനിയുടെ ജനപ്രീതി വളരെ കുറവാണെന്നും ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുന്നതിൽ അമേരിക്കയെ പിന്തുണയ്ക്കാത്തതാണ് ഇതിന് കാരണമെന്നും ട്രംപ് കുറിപ്പിൽ ആരോപിക്കുന്നു. അമേരിക്ക ഇറാനെ സൈനികമായി പരാജയപ്പെടുത്തിയതിന് ശേഷം സ്വന്തം റേറ്റിംഗ് ഉയർത്താനാണ് മെലോനി ഇപ്പോൾ സൗഹൃദത്തിന് ശ്രമിക്കുന്നതെന്നുമാണ് ട്രംപിന്റെ പുതിയ പരിഹാസം.

“ഇറ്റലിയുടെ ലാൻഡിങ് സ്ട്രിപ്പുകളോ റൺവേകളോ ഉപയോഗിക്കാൻ പോലും അവർ ഞങ്ങളെ അനുവദിച്ചില്ല. അത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്. ഇറ്റലിയെയും നാറ്റോ സഖ്യത്തെയും സംരക്ഷിക്കാൻ കോടിക്കണക്കിന് ഡോളർ യുഎസ് സംഭാവന നൽകുമ്പോഴാണിത്. ഇപ്പോൾ യുഎസ് ഇറാനെ സൈനികമായി തോൽപ്പിച്ചപ്പോൾ ജനപ്രീതി കൂട്ടാനായി മെലോനി വീണ്ടും സുഹൃത്താകാൻ വന്നിരിക്കുന്നു.” – ട്രംപ് പറഞ്ഞു.

ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ട്രംപ് സമാനമായ പരാമർശം നടത്തിയിരുന്നു. ജി-7 ഉച്ചകോടിക്കിടെ മെലോനി തനിക്കൊപ്പം ഫോട്ടോ എടുക്കാൻ യാചിച്ചുവെന്നും പാവം തോന്നിയതുകൊണ്ടാണ് താൻ സമ്മതിച്ചതെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ ട്രംപിന്റെ ഈ പ്രസ്താവനകൾ പൂർണ്ണമായും അസത്യവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കി മെലോനി എക്‌സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ പങ്കുവെച്ചു. “സ്വന്തം സഖ്യകക്ഷികളോട് യു.എസ് പ്രസിഡന്റ് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല. ശത്രുക്കളോട് കാണിക്കാത്ത കടുപ്പം സ്വന്തം സഖ്യകക്ഷികളോട് കാണിക്കുന്നത് കഷ്ടമാണ്. ഇറ്റലിയും ഞാനും ആരുടെയും മുന്നിൽ യാചിക്കാറില്ല,” മെലോനി വ്യക്തമാക്കി.

തന്റെ ജനപ്രീതി ട്രംപുമായുള്ള ചങ്ങാത്തത്തിന്റെ പേരിലല്ല നിലനിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ‘എൻ്റെ ജനപ്രീതി ഇറ്റലിയുടെ ദേശീയ താൽപര്യം സംരക്ഷിക്കാനുള്ള എൻ്റെ കഴിവിനെ ആശ്രയിച്ചാണുള്ളത്. അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ ജനപ്രീതിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട കാര്യമില്ല. നിങ്ങൾ നിങ്ങളുടെ ജനപ്രീതിയിൽ ശ്രദ്ധിക്കൂ.’ –ഇൻ‌സ്റ്റഗ്രാമിൽ മെലോനി പറഞ്ഞു.

ട്രംപിന്റെ അധിക്ഷേപകരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ വിദേശകാര്യമന്ത്രി ആന്റോണിയോ തയാനി തന്റെ ഔദ്യോഗിക അമേരിക്കൻ സന്ദർശനം റദ്ദാക്കി. അടുത്ത ആഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി തയാനി കൂടിക്കാഴ്ച നടത്താനിരുന്നതാണ്. ഇതേത്തുടർന്ന് അടുത്ത ആഴ്ച മിയാമിയിൽ നടക്കാനിരുന്ന ഇറ്റലി-യുഎസ് ബിസിനസ് ഫോറവും റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിൽ വൈറ്റ് ഹൗസും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് വിമർശിച്ചതിനെ മെലോനി മുൻപ് എതിർത്തതും ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. ഇറാൻ സംഘർഷത്തെ അപലപിച്ച ലിയോ മാർപ്പാപ്പയെ ട്രംപ് വിമർശിച്ചതിനെ മെലോനി ഈ വർഷം ആദ്യം ചോദ്യം ചെയ്തിരുന്നു. ഇത് യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചു. മെലോനിക്കു ധൈര്യമില്ലെന്ന് അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.

‘നമ്മൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പ്രശസ്‌തമായ ജോഡിയാണ്’ മോദിയെ കണ്ടപ്പോൾ മെലോനിയുടെ കൗണ്ടർ

Send your news and Advertisements

You may also like

error: Content is protected !!