Thursday, June 11, 2026
Home » ഇന്ത്യയും ചൈനയും നരകക്കുഴിയെന്ന് ട്രംപ്; പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ മഹത്തായ രാജ്യമെന്ന് തിരുത്ത്.
ട്രംപ്

ഇന്ത്യയും ചൈനയും നരകക്കുഴിയെന്ന് ട്രംപ്; പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ മഹത്തായ രാജ്യമെന്ന് തിരുത്ത്.

by Editor

വാഷിംഗ്‌ടൺ/ ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ (Hell holes) എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പ് പങ്കുവെച്ചത് വലിയ വിവാദത്തിന് കാരണമായി. റേഡിയോ അവതാരകനായ മൈക്കൽ സാവേജ് എഴുതിയ കുറിപ്പാണ് ട്രംപ് റീപോസ്റ്റ് ചെയ്തത്. അമേരിക്കയിലെ ‘ജന്മനാടിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ’ (Birthright citizenship) നിയമത്തെ വിമർശിക്കുന്നതായിരുന്നു ഈ കുറിപ്പ്.

‘ഗർഭത്തിന്റെ 9-ാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവർ വരും. എന്നിട്ട് ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും നരകക്കുഴികളിൽ നിന്നോ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരും. കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാൽ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴിൽസാധ്യതകളും ഇവർ അട്ടിമറിക്കുകയാണ്’ തുടങ്ങിയവയായിരുന്നു സാവേജിന്റെ പരാമർശങ്ങൾ.

അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമാണ് ട്രംപ് പങ്കുവച്ചത്. സംഭവം ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന്, ‘ഇന്ത്യ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാൾ നയിക്കുന്ന മഹത്തായ രാജ്യമാണ്’ എന്ന് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു.

അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ‘ഭൂമിയിലെ നരകക്കുഴികൾ’ എന്ന അധിക്ഷേപ കുറിപ്പിനെതിരെ ശക്തമായ വിയോജിപ്പ് ഇന്ത്യ രേഖപ്പെടുത്തി. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും ഇതിലെ പരാമർശങ്ങൾ തികച്ചും അനുചിതവും മോശമായ അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര ബന്ധത്തെയോ പരസ്പര സഹകരണത്തെയോ പ്രതിഫലിപ്പിക്കുന്നതല്ല ഇത്തരം പ്രസ്താവനകളെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ’ എന്ന് വിളിച്ചും, അമേരിക്കൻ പൗരത്വ നിയമം ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചുമുള്ള സാവേജിന്റെ പോസ്റ്റ് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് മോദി ആരെയാണ് ഭയക്കുന്നതെന്നും 140 കോടി ജനങ്ങളുടെ രോഷത്തിന് മറുപടി പറയാൻ അദ്ദേഹത്തിന് സമയം കിട്ടുമെന്നാണ് കരുതുന്നതെന്നും പ്രസ്താവിച്ചു.

Send your news and Advertisements

You may also like

error: Content is protected !!