നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഈ സംസ്ഥാനങ്ങളിൽ ഇത്തവണ കണ്ടത്. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ 85.03 ശതമാനവും ബംഗാളില്‍ ആദ്യ ഘട്ട വോട്ടെടുപ്പിൽ 92.25 ശതമാനം പോളിങുമാണ് രേഖപ്പെടുത്തിയത്. എസ്‌ഐആര്‍ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരുടെ പങ്കാളിത്തം ഉയര്‍ന്നതിനുള്ള പ്രധാന കാരണമെന്നാണ് സൂചന
തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്നാടിന്‍റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് 80 ശതമാനം പോളിംഗ് കടക്കുന്നത്. 2021 ലേക്കാൾ 11 ശതമാനത്തോളം വർധനയാണ് പോളിംഗിൽ ഉണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഏകദേശം 25 ലക്ഷത്തോളം വോട്ടുകൾ ഇക്കുറി അധികം പോൾ ചെയ്തെന്നും കമ്മീഷൻ വിവരിച്ചു. വോട്ട് ശതമാനത്തിൽ സ്ത്രീകളാണ് മുന്നിൽ. പോളിംഗ് ശതമാനം ഉയർന്നതിൽ വിജയ് എഫക്ട് ഇല്ലെന്നും അധികാരത്തുടർച്ച നേടുമെന്നും സ്റ്റാലിൻ 2.0 ഉറപ്പാണെന്നുമാണ് ഡി എം കെയുടെ അവകാശവാദം. ഭരണവിരുദ്ധ വികാരമാണ് പ്രകടമായതെന്നും അധികാരം തിരിച്ചുപിടിക്കുമെന്നുമാണ് എ ഐ എ ഡി എം കെയുടെ പക്ഷം. വിജയ് ഫാക്ടറാണ് പോളിംഗ് വർധനയ്ക്ക് കാരണമെന്നും ഫലം വരുമ്പോൾ അത്ഭുതം പ്രതീക്ഷിക്കാമെന്നുമാണ് ടി വി കെയുടെ പ്രതികരണം.
എസ് ഐ ആറിലൂടെ 97 ലക്ഷം വോട്ടർമാരെ ആണ് തമിഴ്നാട്ടിൽ ഒഴിവാക്കിയത്. 2021 ലെ 4.6 കോടി വോട്ടുകളേക്കാൾ 25 ലക്ഷത്തിന്‍റെ വർധന മാത്രമെന്നത് അസാധാരണമായ കണക്ക് അല്ലെന്നുമാണ് ഭരണമുന്നണിയുടെ നിലപാട്. എന്നാൽ ഉയർന്ന പോളിംഗ് ശതമാനം ഭരണമാറ്റത്തിന്‍റെ സൂചനയെന്നാണ് എൻ ഡി എയും ടി വി കെയും ഒരുപോലെ പറയുന്നത്. ഫലം വരുന്ന മെയ് 4 ലേക്ക് ഉറ്റുനോക്കുകയാണ് തമിഴ് ജനതക്കൊപ്പം രാജ്യവും.
പശ്ചിമബംഗാളിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ സർവകാല റെക്കോഡുകൾ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. വടക്കൻ ബംഗാളുൾപ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്. എല്ലായിടത്തും രാവിലെ മുതൽ തന്നെ സ്ത്രീകളടക്കം കൂട്ടത്തോടെയെത്തി വോട്ട് രേഖപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഇത് തങ്ങൾക്ക് അനുകൂലമാണെന്ന് തൃണമൂലും ബിജെപിയും അവകാശവാദം ഉന്നയിച്ചു. മെയ് 4 ടിഎംസിയുടെ എക്സ്പയറി ഡേറ്റെന്ന് മോദി പ്രഖ്യാപിച്ചപ്പോൾ, ബിജെപിയുടെ പതനം തുടങ്ങുമെന്ന് മമത തിരിച്ചടിച്ചു. ഏപ്രിൽ 29 -ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് ജനവിധി തേടുക. ഇതുകൂടി കഴിഞ്ഞാൽ മാത്രമേ ഇന്ത്യ ചരിത്രത്തിലെ സർവകാല റെക്കോർഡ് ബംഗാൾ ജനത സ്വന്തമാക്കുകമോയെന്ന് അറിയാനാകു.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. വലിയ വാഗ്ദാനങ്ങളുമായി ബംഗാളിൽ ഇന്ന് റാലി നടത്തിയ മോദി, സ്ത്രീകള്‍ക്ക് പ്രതിമാസം മൂവായിരം രൂപ, ഗർഭിണികൾക്ക് 21000 രൂപ, ബിരുദപഠനത്തിന് അൻപതിനായിരം രൂപ, വീട് നിർമ്മിക്കാൻ ഒന്നരലക്ഷം അടക്കം പത്ത് പ്രഖ്യാപനങ്ങളും നടത്തി. മെയ് നാല് ടി എം സി സർക്കാറിന്‍റെ എക്സ്പയറി ഡേറ്റാണെന്നും മോദി അഭിപ്രായപ്പെട്ടു.

