തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് നിലവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ശനിയാഴ്ച വരെ പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും ചൂടുയരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18 വരെ ഉയർന്ന ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ ഈർപ്പവും അൾട്രാവയലറ്റ് സൂചികയും ഉയരുകയാണ്. പകൽ പത്തുമുതൽ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം.
താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമെന്നും മുന്നറിയിപ്പ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

