അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പ്രകോപിതരായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇസ്രായേലിന്റെ നടപടി കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ അടിയന്തര നീക്കം. സമാധാന ധാരണക്ക് പിന്നാലെ ഹോർമൂസ് തുറന്നെങ്കിലും ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വീണ്ടും അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചത് വലിയ വെല്ലുവിളിയാണ്. കപ്പലുകൾ ഈ മേഖലയിലേക്ക് വരുന്നത് അപകടമാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നാണ് അമേരിക്കൻ സൈന്യം വ്യക്തമാക്കുന്നത്. ഇറാൻ കടലിടുക്ക് അടച്ചെന്ന വാദം യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) നിഷേധിച്ചു. ഇറാന്റെ പ്രഖ്യാപനത്തിന് ശേഷവും 55-ലധികം ചരക്കുകപ്പലുകൾ സുരക്ഷിതമായി ഈ വഴി കടന്നുപോയെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും യു.എസ് സൈന്യം വ്യക്തമാക്കി. 17 ലക്ഷം ബാരൽ എണ്ണ ഉടൻ തന്നെ വിപണിയിൽ എത്തുമെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചെന്ന വാർത്തകൾക്കിടെ അമേരിക്ക – ഇറാൻ ചർച്ച നാളെ പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിസർലൻഡിൽ എത്തുമെന്നാണ് സൂചന. ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് ചർച്ചയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക്, ഖത്തർ സംഘവും ചർച്ചകളിൽ പങ്കെടുക്കും.
കഴിഞ്ഞ ബുധനാഴ്ച (ജൂൺ 17) ഡൊണാൾഡ് ട്രംപും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നു. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും ഉടനടി ശാശ്വതമായ വെടിനിർത്തൽ നടപ്പാക്കണം എന്നതായിരുന്നു കരാറിലെ ഒന്നാമത്തെ വ്യവസ്ഥ. എന്നാൽ ഇസ്രായേൽ ലെബനനിൽ വീണ്ടും കനത്ത ആക്രമണം നടത്തിയതാണ് കരാർ പ്രതിസന്ധിയിലാക്കിയത്. ഇസ്രായേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ നയതന്ത്ര ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന നിലപാടിലാണ് ഇറാൻ. അതുകൊണ്ട് തന്നെ നിലവിലെ വെടിനിർത്തൽ കരാർ അതീവ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
യു.എസ്-ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു.

