ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമാണ്. 12-ാമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വർഷം ആചരിക്കുന്നത്. “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” (Yoga for Healthy Ageing) എന്നതാണ് ഇത്തവണത്തെ ഔദ്യോഗിക സന്ദേശം. പ്രായമാകുമ്പോഴും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ യോഗ എത്രത്തോളം പ്രധാനമാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു.
അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൻ്റെ ഭാഗമായി കൊൽക്കത്തയിലെ ചരിത്ര പ്രസിദ്ധമായ റെഡ് റോഡിൽ സംഘടിപ്പിച്ച വിപുലമായ പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗ മനുഷ്യരാശിയെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്നും ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയാണെന്നും പറഞ്ഞു. പ്രായഭേദമന്യേ എല്ലാവർക്കും പ്രയോജനപ്പെടുന്ന ജീവിതശൈലിയായി യോഗയെ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ഈ വർഷത്തെ ‘ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗ’ എന്ന പ്രമേയം മുതിർന്നവർക്കു മാത്രമുള്ളതല്ലെന്നും എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രസക്തമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതത്തിനപ്പുറം ലോകത്തിൻ്റെ മികച്ച ഭാവി നിർമിക്കുന്നതിലും യോഗയ്ക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”യോഗയെ ഒരു ദിവസത്തില്‍ മാത്രം ഒതുക്കില്ലെന്ന് നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാം. അത് നമ്മുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഭാവി തലമുറകളുടെയും ഭാഗമാക്കാം,” എന്ന സന്ദേശവും പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തവരോട് പങ്കുവച്ചു. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മാനസിക സമാധാനവും സാമൂഹിക ഐക്യവും വളര്‍ത്താന്‍ യോഗയ്‌ക്ക് കഴിയുമെന്നും, ലോകമെമ്പാടുമുള്ള ജനങ്ങളെ മാനവികതയുടെ പൊതുവായ മൂല്യങ്ങളിലൂടെ ബന്ധിപ്പിക്കുന്ന ഒരു ശക്തിയായി യോഗ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗ ദിനം പ്രമാണിച്ചു രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര- സാംസ്കാരിക കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ നടക്കും. കേരളത്തിലും എല്ലാ ജില്ലകളിലും പരിപാടികൾ നടക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ ആഗോളതലത്തിൽ 210-ലധികം ഇന്ത്യൻ മിഷനുകളുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള 2,500-ഓളം കേന്ദ്രങ്ങളിൽ യോഗാ ദിനാചരണം നടന്നു.

