കൊൽക്കട്ട: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു. ഐഎന്‍എസ് അഗ്രയ്, ഐഎന്‍എസ് സന്‍ശോധക്, ഐഎന്‍എസ് ഡൂനഗിരി എന്നീ കപ്പലുകള്‍ ഇനി മുതല്‍ നാവികസേനയുടെ സജീവ യുദ്ധസന്നാഹങ്ങളുടെ ഭാഗമാകും. മൂന്ന് കപ്പലുകളും കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്സ് നിര്‍മിച്ചതാണ്. പ്രതിരോധ നിര്‍മ്മാണ രംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിക്ക് വലിയ കരുത്ത് പകരുന്നതാണ് ഈ നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു.
തീരദേശ മേഖലകളിൽ ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിരീക്ഷിക്കാനും ആവശ്യമെങ്കിൽ നശിപ്പിക്കാനുമായി പ്രത്യേകമായി വികസിപ്പിച്ച ആൻ്റി-സബ്‌മറൈൻ യുദ്ധക്കപ്പലാണ് ഐഎൻഎസ് അഗ്രയ്. അത്യാധുനിക സോണാർ സംവിധാനങ്ങൾ, ടോർപീഡോകൾ, ആൻ്റി-സബ്‌മറൈൻ റോക്കറ്റുകൾ, 30 എം.എം. നാവിക തോക്ക് എന്നിവയാൽ സജ്ജമായ ഈ കപ്പലിന് മൈനുകൾ സ്ഥാപിക്കാനുള്ള ശേഷിയും ഉണ്ട്.
പ്രോജക്ട് 17എയുടെ ഭാഗമായി വികസിപ്പിച്ച നിൽഗിരി ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റുകളിൽ ഒന്നായ ഐഎൻഎസ് ഡൂനഗിരി ബഹുമുഖ യുദ്ധശേഷിയുള്ള കപ്പലാണ്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ബറാക്-8 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം, ടോർപീഡോകൾ എന്നിവ ഉൾപ്പെടെയുള്ള ആധുനിക ആയുധസന്നാഹങ്ങളാൽ സജ്ജമായ ഈ യുദ്ധക്കപ്പലിന് വ്യോമാക്രമണ പ്രതിരോധം, ഉപരിതല യുദ്ധം, അന്തർവാഹിനി വിരുദ്ധ ദൗത്യങ്ങൾ എന്നിവ വിജയകരമായി നിർവഹിക്കാൻ കഴിയും.
സമുദ്രത്തിന്റെ അടിത്തട്ട് മാപ്പ് ചെയ്യാനും സുരക്ഷിതമായ കപ്പൽഗതാഗത പാതകൾ കണ്ടെത്താനും സമുദ്രശാസ്ത്ര വിവരങ്ങൾ ശേഖരിക്കാനുമായി രൂപകൽപ്പന ചെയ്‌ത അത്യാധുനിക ഹൈഡ്രോഗ്രാഫിക് സർവേ കപ്പലാണ് ഐഎൻഎസ് സൻശോധക്. ദുരന്തനിവാരണ പ്രവർത്തനങ്ങളിലും മാനുഷിക സഹായ ദൗത്യങ്ങളിലും ഒഴുകുന്ന മെഡിക്കൽ സഹായകേന്ദ്രമായി പ്രവർത്തിക്കാനുള്ള ശേഷിയും ഈ കപ്പലിനുണ്ട്.

