കൊച്ചി: സി.എം.ആർ.എൽ – എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ 17-ന് കൊച്ചിയിലെ ഓഫീസിൽ വീണയെ എട്ട് മണിക്കൂറോളം ഇഡി ചോദ്യം ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള വീണയുടെ അക്കൗണ്ടുകളിൽ ഇഡി വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ലോക്കറിലും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വരും ദിവസങ്ങളിലെ ചോദ്യം ചെയ്യൽ എന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും, ജയ എസ് കര്‍ത്തയെയും, ഷിബി എസ് കര്‍ത്തയെയും ഇ ഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ.

