ന്യൂ ഡൽഹി: ഇന്ത്യയിലെ മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെ ഭീഷണിയുണ്ടെന്ന പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവനകളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞു. ആസിഫ് അലി സർദാരിയുടെ പരാമർശങ്ങൾ അസംബന്ധവും വെറുപ്പിൽ നിന്ന് ഉടലെടുത്ത ആസൂത്രിത രാഷ്ട്രീയ ആക്രമണവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വാരണാസിയിലെ ചരിത്രപ്രസിദ്ധമായ മസ്‌ജിദ് ഗഞ്ച് ഷഹീദയ്ക്കും ഇന്ത്യയിലുടനീളമുള്ള മറ്റ് മുസ്ലീം ആരാധനാലയങ്ങൾക്കും നേരെ ഭീഷണി ഉണ്ടെന്നായിരുന്നു ആസിഫ് അലി സർദാരി കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചത്. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ലോകത്ത് തന്നെ ഏറ്റവും മോശമായ റെക്കോർഡുള്ള ഒരു രാജ്യം ഇന്ത്യക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് വലിയ വിരോധാഭാസമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്ത് ഹിന്ദുക്കൾ, അഹമ്മദീയ വിഭാഗക്കാർ തുടങ്ങിയ മതന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി വേട്ടയാടുന്ന നീണ്ട ചരിത്രമാണ് പാക്കിസ്ഥാനുള്ളതെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു. ആഗോളതലത്തിൽ വലിയ വിമർശനങ്ങൾ നേരിടുന്ന പാക്കിസ്ഥാന്റെ മോശം മനുഷ്യാവകാശ ചരിത്രം ചൂണ്ടിക്കാണിച്ചായിരുന്നു രൺധീർ ജയ്‌സ്വാളിന്റെ മറുപടി.
പാക്കിസ്ഥാനിൽ നിരന്തരമായി നടക്കുന്ന മതപരമായ അതിക്രമങ്ങളെക്കുറിച്ച് രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും എൻജിഒകളും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക് സർക്കാരിന്റെ പീഡനങ്ങളും വിവേചനപരമായ നിയമങ്ങളും കാരണം അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള മതനിന്ദാ അതിക്രമങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടുകളെ ഉദ്ധരിച്ചും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാന്റെ ദേശീയ നയമായ മതഭ്രാന്തിൻ്റെയും വിദ്വേഷത്തിന്റെയും ഭാഗമാണ് ഇത്തരം ബോധപൂർവമായ രാഷ്ട്രീയ ആക്രമണങ്ങൾ. അയൽരാജ്യത്തിൻ്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

