Friday, June 19, 2026
Home » ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും
ഇന്ത്യ - യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും

ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും

by Editor

ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ (Comprehensive Economic and Trade Agreement – CETA) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഫ്രാൻസിലെ ഏവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനമുണ്ടായത്.

സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ കരാർ ഇന്ത്യൻ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും സ്റ്റാർട്ടപ്പുകൾക്കും വൻ അവസരമൊരുക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രെക്‌സിറ്റിന് ശേഷം യുകെ ഒപ്പുവെക്കുന്ന ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര കരാറാണിത്. ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സമഗ്രമായ വ്യാപാര കരാറുമാണിത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങൾക്കും നേട്ടങ്ങളുണ്ടാകും.

ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും കയറ്റുമതി തീരുവ (Tariff) യുകെ പൂർണ്ണമായി ഒഴിവാക്കും. ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, ലെതർ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ എന്നിവയ്ക്ക് ബ്രിട്ടീഷ് വിപണിയിൽ കൂടുതൽ സുഗമമായ പ്രവേശനം ലഭിക്കും. സ്മാർട്ട്ഫോണുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഇൻവെർട്ടറുകൾ, കാർഷിക ഉൽപ്പന്നങ്ങളായ പുതിയ മുന്തിരിങ്ങ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിക്കും.

യുകെയിൽ നിന്നുള്ള വിസ്കി (നികുതി 150 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയും), കാറുകൾ (നികുതി 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയും), സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ ഇറക്കുമതി നികുതി ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കും. ആഭ്യന്തര വിപണിയെയും കർഷകരെയും സംരക്ഷിക്കുന്നതിനായി ക്ഷീരോത്പന്നങ്ങൾ, ധാന്യങ്ങൾ, ചാമ (Millets), ഭക്ഷ്യ എണ്ണകൾ, ആപ്പിൾ, പച്ചക്കറികൾ എന്നിവയെ ഈ കരാറിന്റെ ആനുകൂല്യങ്ങളിൽ നിന്ന് ഇന്ത്യ പൂർണ്ണമായി ഒഴിവാക്കി നിർത്തിയിട്ടുണ്ട്.

ദീർഘകാലാടിസ്ഥാനത്തിൽ യുകെയുടെ ജിഡിപിയിൽ 4.8 ബില്യൺ പൗണ്ടിന്റെയും ഉഭയകക്ഷി വ്യാപാരത്തിൽ 25.5 ബില്യൺ പൗണ്ടിന്റെയും വർദ്ധനവ് ഈ കരാർ വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വ്യാപാര പങ്കാളികൾക്ക് പുതിയ നികുതി വ്യവസ്ഥകളിലേക്ക് മാറാൻ 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജൂലൈ 15 മുതൽ പുതിയ താരിഫ് നിരക്കുകൾ വിപണിയിൽ നിലവിൽ വരും.

‘നമ്മൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പ്രശസ്‌തമായ ജോഡിയാണ്’ മോദിയെ കണ്ടപ്പോൾ മെലോനിയുടെ കൗണ്ടർ

Send your news and Advertisements

You may also like

error: Content is protected !!