റോം: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ഇനിമുതൽ ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ വഴിമാറുന്നു. പരസ്‌പര സഹകരണത്തിന് ശക്തമായ അടിത്തറയും വ്യക്തമായ ദിശാബോധവും നൽകുന്നതിനായി ‘ഇന്ത്യ-ഇറ്റലി സംയുക്ത തന്ത്രപരമായ പ്രവർത്തന പദ്ധതി 2025-2029’ പ്രഖ്യാപിച്ചു. നിലവിൽ 14 ബില്യൺ യൂറോയിലുള്ള ഉഭയകക്ഷി വ്യാപാരം 2029-ഓടെ 20 ബില്യൺ യൂറോ എന്ന വൻ ലക്ഷ്യത്തിലേക്ക് എത്തിക്കാനാണ് ഇരുരാജ്യങ്ങളും സംയുക്തമായി ശ്രമിക്കുന്നത്.
റോമിൽ വച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ നിർണ്ണായക നയതന്ത്ര മാറ്റം പരസ്യപ്പെടുത്തിയത്. പുതിയ തീരുമാനത്തോടെ ഇരുരാജ്യങ്ങൾക്കും തങ്ങളുടെ പരമാവധി ശേഷി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ വികസന കുതിപ്പിൽ നിലവിൽ 400-ലധികം ഇറ്റാലിയൻ കമ്പനികൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ജോർജിയ മെലോണി വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലാദ്യമായി ഇത്രയും ശക്തവും ഉയർന്നതുമായ തലത്തിൽ എത്തിനിൽക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ ജോർജിയ മെലോണി പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഏഴ് കൂടിക്കാഴ്ച്‌കളാണ് ഈ ബന്ധം ഇത്രത്തോളം ഊഷ്‌മളമാക്കിയത്. പരസ്‌പര ബഹുമാനത്തിലൂന്നിയുള്ള ഈ വ്യക്തിപരമായ സൗഹൃദം ഒട്ടനവധി പ്രതിസന്ധികളിൽ വേഗത്തിലും ഫലപ്രദമായും തീരുമാനങ്ങളെടുക്കാൻ സഹായിച്ചിട്ടുണ്ട്. വർഷങ്ങളായി ഭരണത്തിലിരുന്നിട്ടും ഇന്ത്യൻ ജനതയ്ക്കുള്ളിൽ പ്രധാനമന്ത്രി മോദിക്കുള്ള ജനപ്രീതിയും അദ്ദേഹത്തിന്റെ പ്രായോഗികമായ നേതൃപാടവത്തെയും മെലോണി പ്രത്യേകം പ്രശംസിച്ചു.
വ്യാപാരത്തിനപ്പുറം സാങ്കേതിക വിദ്യ, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പുതിയ പദ്ധതികളും ചർച്ചയായി. സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനായി ന്യൂഡൽഹി കേന്ദ്രീകരിച്ച് ഒരു പ്രത്യേക ഹബ്ബ് രൂപീകരിക്കും. ‘ഇന്നൊവേറ്റ് ഇന്ത്യ ഇനിഷ്യേറ്റീവ്’ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ കേന്ദ്രം നിലവിൽ വരുന്നത്. നിർദ്ദിഷ്ട കർമ്മപദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും ഇരു നേതാക്കളും ഉറപ്പുനൽകി.
യൂറോപ്യൻ യൂണിയനിൽ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇറ്റലി. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹമുള്ളതും ഇറ്റലിയിലാണ്, ഏകദേശം രണ്ട് ദശലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഉഭയകക്ഷി ബന്ധം പുതുക്കുന്നതിനുള്ള സുപ്രധാന നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് താനും ജോർജിയ മെലോനിയും വിപുലമായ ചർച്ചകൾ നടത്തിയതായി നരേന്ദ്ര മോദി പറഞ്ഞു.
യു എ ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി റോമിലെത്തിയ മോദിക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്.
Photos: FB/Narendramodi

