ന്യൂഡൽഹി: റോമിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് നരേന്ദ്ര മോദി മിഠായി നൽകുന്ന വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ പ്രധാനമന്ത്രി ‘നാടകങ്ങളിൽ’ മുഴുകുകയാണെന്ന് രാഹുൽ ആരോപിച്ചു.
‘രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിൻ്റെ കൊടുങ്കാറ്റാണ് ആഞ്ഞടിക്കാൻ പോകുന്നത്. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ ടോഫി വിതരണം ചെയ്‌ത് റീൽ എടുക്കുന്ന തിരക്കിലാണ്. കർഷകർ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരെല്ലാം ദുരിതമനുഭവിക്കുന്നു. എന്നാൽ പ്രധാനമന്ത്രി റീലുകൾക്കായി പുഞ്ചിരിക്കുന്നു. അതുകണ്ട് ബിജെപി നേതാക്കൾ കൈയടിക്കുന്നു. ഇത് നേതൃത്വമല്ല, നാടകീയതയാണ്’ – രാഹുൽ വിമർശിച്ചു.
അമേഠിയിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്തിയത്. സാമ്പത്തിക തകർച്ചയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളോട് ആവശ്യപ്പെട്ട ശേഷം മോഡി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ടോഫി പങ്കിടുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ബിജെപി ദേശീയ പ്രസിഡൻ്റ് നിതിൻ നബിൻ എതിർത്തു. കോൺഗ്രസ് നേതാവിൻ്റെ അരാജകത്വ മനോഭാവത്തെയാണ് പരാമർശങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും പ്രസ്‌താവന അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം ആരോപിച്ചു.
റോമിൽ നടന്ന ഒരു യോഗത്തിനിടെ പ്രധാനമന്ത്രി മോഡി ‘മെലഡി’ ടോഫിയുടെ ഒരു പാക്കറ്റ് മെലോണിക്ക് സമ്മാനമായി നൽകിയിരുന്നു. സമ്മാനത്തിന് നന്ദി എന്ന കുറിപ്പോടെയാണ് മിഠായി പാക്കറ്റുമായി ഇരുനേതാക്കളും നില്‍ക്കുന്ന വീഡിയോ മെലനി പങ്കുവച്ചത്. പ്രധാനമന്ത്രി മോദി ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. വളരെ വളരെ നല്ല മിഠായി എന്ന് ജോര്‍ജിയ പറയുന്നതും അതിന് പിന്നാലെ ‘മെലഡി’ എന്ന് മോദി പറയുന്നതുമാണ് വീഡിയോയിലുള്ളത്. മെലനിക്കൊപ്പമുള്ള ചിത്രങ്ങള്‍ നരേന്ദ്ര മോദിയും പങ്കുവച്ചിട്ടുണ്ട്.
നിമിഷങ്ങൾക്കകം വീഡിയോ ആഗോളതലത്തിൽ വൈറലായി. ഇൻസ്റ്റാഗ്രാമിൽ മാത്രം റീൽ 70 മില്യണിൽ അധികം പേരാണ് വീഡിയോ കണ്ടത്. ഇതോടെ മെലഡി മിഠായി നിർമാതാക്കളായ പാർലെയുടെ ഓഹരി വിലയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
റോമിൽ വിമാനമിറങ്ങിയ ഉടൻ തന്നെ പ്രധാനമന്ത്രി മെലോനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോദി തൻ്റെ സന്ദർശന വിവരങ്ങൾ ലോകത്തെ അറിയിച്ചത്. ‘റോമിൽ ഇറങ്ങിയ ഉടൻ തന്നെ പ്രധാനമന്ത്രി മെലോനിക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കാനും, അതിനുശേഷം ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശിക്കാനും അവസരം ലഭിച്ചു. വിവിധ ആഗോള വിഷയങ്ങളിൽ ഞങ്ങൾ കാഴ്‌ചപ്പാടുകൾ പങ്കുവെച്ചു. ഇന്ത്യ-ഇറ്റലി സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ കൂടിക്കാഴ്‌ചയ്ക്ക് സാധിക്കട്ടെ,’ എന്ന് പ്രധാനമന്ത്രി മോദി എക്സ്‌സിൽ കുറിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ജോര്‍ജിയ മെലോനി നേരിട്ടാണ് മോദിയെ സ്വാഗതം ചെയ്തത്. ‘റോമിലേക്ക് സ്വാഗതം, എന്റെ സുഹൃത്തേ!’ എന്നായിരുന്നു മെലോനിയുടെ ഊഷ്മളമായ പോസ്റ്റ്.
‘ഇന്ത്യ-ഇറ്റലി സംയുക്ത തന്ത്രപരമായ പ്രവർത്തന പദ്ധതി 2025-2029’ പ്രഖ്യാപിച്ചു.

