തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് സിപിഎം കൈമാറി. ഡിവൈഎഫ്ഐ നേമം ഏരിയ കമ്മിറ്റി പ്രസിഡന്റ്റ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിൽ പങ്കെടുത്ത പത്തുപേരെക്കൂടി വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷ് അറിയിച്ചു. ഒളിവിലുള്ള പ്രതികളുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
അക്രമത്തിൽ ഇഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. കല്ലും ഇഷ്ടികയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ വാഹനങ്ങളുടെ ചില്ലുകൾ തകരുകയും ഒരു ഇഡി ഡ്രൈവർക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേൽക്കുകയും ചെയ്‌തു. അതിക്രമത്തിൽ ഇ ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുരുതരമായ സുരക്ഷാ വീഴ്‌ചയുണ്ടായ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. വധശ്രമം, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നിലവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു.
ആക്രമണത്തെ തുടർന്നു ഇന്നലെ വൈകുന്നേരം പ്രതികളെ പിടികൂടാൻ പൊലീസ് സിപിഎം പാർട്ടി ഓഫീസിലേക്ക് എത്തിയത് തലസ്ഥാനത്ത് വീണ്ടും നാടകീയ രംഗങ്ങൾക്കും സംഘർഷത്തിനും വഴിവെച്ചു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പാളയം ഏരിയ കമ്മിറ്റി ഓഫീസിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വൻ പൊലീസ് സന്നാഹം ഓഫീസിലേക്ക് എത്തിയത്. എന്നാൽ പൊലീസ് നീക്കത്തെ പാർട്ടി പ്രവർത്തകർ തടഞ്ഞതോടെ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. സംഭവ സ്ഥലത്തേക്ക് മുൻ മന്ത്രി വി. ശിവൻകുട്ടി, ജോൺ ബ്രിട്ടാസ് അടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾ ഉടനടി എത്തുകയും പൊലീസുമായി ചർച്ച നടത്തുകയും ചെയ്‌തു. പ്രതികളെ പുറത്ത് നിന്ന് കിട്ടിയാൽ പിന്നെ പാർട്ടി ഓഫീസിൽ കയറി പരിശോധിക്കേണ്ട കാര്യമില്ലെന്ന് എഡിജിപി എച്ച്. വെങ്കടേഷ് വ്യക്തമാക്കിയതിനെ തുടർന്നാണ് സംഘർഷത്തിനു അയവു വന്നത്.
പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്

