Friday, May 29, 2026
Home » റെയ്‌ഡിനെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല; നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല: രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല.

റെയ്‌ഡിനെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല; നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല: രമേശ് ചെന്നിത്തല

by Editor

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്‌ത ആക്രമണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നഗരത്തിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് നടത്തിയ റെയ്‌ഡിനെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല. മുൻകൂട്ടി സൂചന നൽകിയിരുന്നെങ്കിൽ പൊലീസിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കുമായിരുന്നു. എന്നിരുന്നാലും ക്രമസമാധാന നില ഉറപ്പാക്കാൻ പൊലീസ് സമയോചിതമായി ഇടപെട്ടിട്ടുണ്ട്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അക്രമകാരികൾ എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനത്ത് സമാനമായ അനിഷ്‌ട സംഭവങ്ങൾ നടക്കുന്നുണ്ട്. ആളുകൾ സംഘടിച്ചെത്തിയ സാഹചര്യത്തിലാണ് ക്രമസമാധാനം നിലനിർത്താൻ പൊലീസ് ഇടപെട്ടത്. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകും. പ്രതികളെല്ലാം നിരീക്ഷണത്തിലാണ്. ഇവരുടെ ദൃശ്യങ്ങൾ പൊലീസിന്റെ പക്കലുണ്ട്. എവിടെപ്പോയി ഒളിച്ചാലും അവരെ പിടികൂടുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തതു.

ഇഡി റെയ്‌ഡിനെക്കുറിച്ച് ആഭ്യന്തര വകുപ്പിനോ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കോ യാതൊരു അറിവും ഇല്ലായിരുന്നുവെന്ന് ചെന്നിത്തല ആവർത്തിച്ച് വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത് തികച്ചും സ്വാഭാവികമായ ഭരണഘടനാ പരമായ നടപടി മാത്രമാണെന്നും അതിനെ നിലവിലെ ഇഡി റെയ്‌ഡുകളുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട ആളുകൾ എത്ര വലിയവരാണെങ്കിലും വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇ.ഡി റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് തവണ മാധ്യമങ്ങൾ സമീപിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഡൽഹി വിമാനത്താവളത്തിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഡൽഹി സന്ദർശനം പൂർത്തിയാക്കി രാത്രി അദ്ദേഹം കേരളത്തിലേക്ക് മടങ്ങി.

ഇഡിയെ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് ഇഡിയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

Send your news and Advertisements

You may also like

error: Content is protected !!