കൊച്ചി: സി.എം.ആർ.എൽ (CMRL) – എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഒരേസമയം റെയ്‌ഡ് നടത്തുന്നു. കൊച്ചിയിലെ സി.എം.ആർ.എൽ ഓഫീസ്, ബംഗളൂരുവിലെ എക്സാലോജിക്കിന്റെ പൂട്ടിയ ഓഫീസ് എന്നിവടങ്ങളിലാണ് പ്രധാനമായും പരിശോധന പുരോഗമിക്കുന്നത്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്. റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്.
ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതിയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സേവനമൊന്നും നൽകാതെ സി.എം.ആർ.എല്ലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടന്നാണ് ഇഡി കേസ് എടുത്തത്. കമ്പനിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയക്കാർക്കും മറ്റ് ഉന്നതർക്കും പണം കൈമാറിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.
വീണാ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

