ഗുജറാത്തിലെ മുന്ദ്ര തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും (ATS) സംയുക്തമായി നടത്തിയ തെരച്ചിലിൽ അന്താരാഷ്‌ട്ര വിപണിയിൽ 1,150 കോടി രൂപ വിലമതിക്കുന്ന 115 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ (Port Qasim) നിന്ന് പുറപ്പെട്ട് മുന്ദ്ര തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന ‘എംവി യൂറോപ്പ്’ (MV Europe) എന്ന ചരക്കുകപ്പലിൽ നിന്നാണ് ഈ വൻ ലഹരിശേഖരം കണ്ടെടുത്തത്.
ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന ഗുജറാത്ത് എടിഎസിന്റെ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡുമായി ചേർന്ന് സംയുക്ത ഓപ്പറേഷൻ നടത്തിയത്. മേയ് 25, 26 തീയതികളിലായി കടലില്‍ വെച്ചായിരുന്നു ഈ രഹസ്യ ഓപ്പറേഷന്‍. പരിശോധനയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥർ കപ്പലിനെ വളഞ്ഞപ്പോൾ, പ്രതികൾ ലഹരിമരുന്നടങ്ങിയ ബാഗുകൾ കടലിലേക്ക് എറിഞ്ഞു. തിരച്ചിലിൽ കോസ്റ്റ് ഗാർഡ് സംഘം കടലിൽ നിന്ന് 5 ബാഗുകളിലായി സൂക്ഷിച്ചിരുന്ന 115 പാക്കറ്റ് കൊക്കെയ്ൻ വിജയകരമായി കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കപ്പലിലുണ്ടായിരുന്ന ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താനും, ഇത് ഇന്ത്യയിൽ ആർക്കുവേണ്ടിയാണ് എത്തിച്ചതെന്ന് വ്യക്തമാക്കാനുമായി വിവിധ ഏജൻസികൾ ചേർന്ന് വിപുലമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ പരിശോധനകൾക്കായി കപ്പൽ നിലവിൽ തുറമുഖത്തേക്ക് മാറ്റിയിരിക്കുകയാണ്. ഈ കപ്പൽ ബ്രസീലിൽ നിന്ന് ആരംഭിച്ച് ലാറ്റിൻ അമേരിക്ക, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, പാകിസ്ഥാനിലെ കറാച്ചി (പോർട്ട് ഖാസിം) എന്നീ രാജ്യങ്ങൾ കടന്നാണ് ഇന്ത്യയിലെ ഗുജറാത്ത് തീരത്ത് എത്തിയത്.
രാജ്യത്ത് കഴിഞ്ഞ ഒരു ആഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ൻ വേട്ടയാണിത്. ഇതിന് തൊട്ടുമുമ്പ് മുംബൈ വിമാനത്താവളം കേന്ദ്രീകരിച്ച് രണ്ട് വലിയ ലഹരിക്കടത്തുകൾ പിടികൂടിയിരുന്നു. മേയ് 23-ന് എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും മുംബൈയിലെത്തിയ ദമ്പതികളെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 84 കൊക്കെയ്ൻ ഗുളികകൾ (1.40 കിലോഗ്രാം) കണ്ടെത്തിയിരുന്നു. മേയ് 19ന് ഇതേ റൂട്ടിൽ മുംബൈയിലെത്തിയ മറ്റൊരു ആഫ്രിക്കൻ സ്വദേശിയിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമായി 4.25 കോടി രൂപ വിലവരുന്ന 63 കൊക്കെയ്ൻ ഗുളികകൾ പിടിച്ചെടുത്തു. ഈ രണ്ട് സംഭവങ്ങളിലുമായി നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. വിമാനത്താവളങ്ങൾ വഴിയുള്ള കടത്തുശ്രമങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇപ്പോൾ സമുദ്രമാർഗ്ഗം എത്തിയ ആയിരം കോടിയിലധികം വിലവരുന്ന വൻ ലഹരിശേഖരം ഗുജറാത്ത് തീരത്ത് വെച്ച് സുരക്ഷാസേന പിടികൂടിയിരിക്കുന്നത്.

