അടുത്ത മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കുന്ന ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ വനിത ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ബാറ്റർ ഷഫാലി വർമയെ ഒഴിവാക്കി. ഇതിനുപകരമായി മലയാളി താരം മിന്നുമണി ടീമിൽ ഇടംനേടി. ഒരിടവേളയ്ക്ക് ശേഷമാണ് മിന്നു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. അതേസമയം, മറ്റ് മലയാളി താരങ്ങളായ ആശ ശോഭന, സജന സജീവന്‍ എന്നിവര്‍ ഏകദിന ടീമിലില്ല.
ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച തേജൽ ഹസബ്‌നിസും സൈമ ഠാക്കൂറുമാണ് ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. പരിക്ക് മൂലം കളികളിൽ നിന്ന് വിട്ടുനിന്നിരുന്ന പേസർ ഹർലീൻ ഡിയോളും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. യുവ ഓഫ്സ്പിന്നര്‍ ശ്രേയങ്ക പാട്ടീലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കാണ് ശ്രേയങ്കയ്ക്ക് വിനയായത്. ന്യൂസിലന്‍ഡിനെതിരെ കളിച്ച ദയാലന്‍ ഹേമലത, ഉമാ ഛേത്രി, സയാലി സത്ഗാരെ എന്നിവരും ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. 2023 ഡിസംബറില്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ച ഹര്‍ലീന്‍ ഡിയോള്‍ ടീമില്‍ തിരിച്ചെത്തി. വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്സിന് വേണ്ടി കളിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഹര്‍ലീന്‍ ദീര്‍ഘനാള്‍ പുറത്തായിരുന്നു. യുവ വിക്കറ്റ് കീപ്പര്‍-ബാറ്ററായ റിച്ച ഘോഷും ടീമിനൊപ്പം ചേരും.
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പൂനിയ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യസിതിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, തിദാസ് സധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, സൈമ താക്കൂര്‍ എന്നിവരാണ് ഇന്ത്യൻ ടീമംഗങ്ങൾ.
ഷെഡ്യൂള്‍
ഒന്നാം ഏകദിനം: ഡിസംബര്‍ 5, അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്‌ബേന്‍
രണ്ടാം ഏകദിനം: ഡിസംബര്‍ 8, അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്, ബ്രിസ്‌ബേന്‍
മൂന്നാം ഏകദിനം – ഡിസംബര്‍ 11, പെര്‍ത്ത്.