തെന്നിന്ത്യൻ താരം കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് വരനെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി എന്നാണ് സൂചന. വിവാഹം അടുത്ത മാസം 11-നായിരിക്കും. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. എന്നാൽ, ആരെയാണ് പ്രണയിക്കുന്നതെന്ന വിവരം ഒരിക്കലും കീർത്തി വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് വിവാഹ വാർത്ത വൈറലായത്. എന്നാൽ നടിയോ ആൻ്റണിയോ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപാനങ്ങളൊന്നും നടത്തിയിട്ടില്ല.
കീര്‍ത്തി സുരേഷിന്റേതായി ആദ്യ ബോളിവുഡ് ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. ബേബി ജോണിലൂടെയാണ് കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നത്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നത് രഘുതാത്ത എന്ന ചിത്രത്തിലാണ്.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. കീർത്തിയുടെ അരങ്ങേറ്റ ചിത്രം ഗീതാഞ്ജലിയായിരുന്നു. മലയാളത്തിൽ മോഹൻലാലിനൊപ്പം തുടക്കം കുറിച്ച കീർത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം ആ കഥാപാത്രത്തിലൂടെ കീർത്തി നേടി.