ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയെ അടുത്ത അഞ്ച് വര്‍ഷത്തിനുളള്ളില്‍ 20 ലക്ഷം കോടിയുടെ വ്യവസായമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങളുടെ വിപണിക്കുണ്ടാകുന്ന വളര്‍ച്ച രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. നിലവില്‍ പ്രതിവര്‍ഷം 4.50 ലക്ഷം കോടി രൂപയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വ്യവസായത്തില്‍ നിന്ന് ലഭിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നാലിരട്ടി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ അഞ്ച് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ലോകത്തിന്റെ തന്നെ ഇലക്ട്രിക് വാഹന ഹബ്ബാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന ലക്ഷ്യം എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ ഹൈബ്രിഡ്, എഥനോള്‍, ഹൈഡ്രജന്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളും കൂടുതലായി വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് ഈ മേഖലയിലുള്ളത്. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇത്രയും വലിയ വാഹന വിപണിയാണെന്ന് അവകാശപ്പെടുമ്പോഴും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന താരതമ്യേന കുറവാണ്. 2024-ല്‍ കേവലം 7.40 ശതമാനം മാത്രമായിരുന്നു ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന.