ബെര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയിലെ മക്‌ഡെബര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ അപകടത്തിൽ പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. സംഭവത്തിൽ ഒമ്പത് വയസുള്ള ആൺകുട്ടിയുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ ഏഴ് ഇന്ത്യക്കാരിൽ മൂന്നു പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരിൽ 41 പേരുടെ നില ഗുരുതരമാണ്. സൗദി പൗരനായ ഡോക്ടറായിരുന്നു ആക്രമണത്തിന് പിന്നിൽ. ആൾത്തിരക്കുള്ള മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു.
സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ജർമ്മനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ നടന്ന അതിഭയാനകവും വിവേകശൂന്യവുമായ ആക്രമണത്തെ അപലപിക്കുന്നതായി ഇന്ത്യ അറിയിച്ചു. വിലപ്പെട്ട നിരവധി ജീവനുകളാണ് ആക്രമണത്തിൽ നഷ്ടപ്പെട്ടത്. അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുടെ ചിന്തകളും പ്രാർത്ഥനകളും ഇരകൾക്കൊപ്പമാണ്. പരിക്കേറ്റ ഇന്ത്യക്കാരുമായും അവരുടെ കുടുംബങ്ങളുമായും ജർമനിയിലെ ഇന്ത്യൻ മിഷൻ ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.