ന്യൂ ഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് 405 കോടി രൂപ സഹായം കേരളത്തിന് കേന്ദ്രസർക്കാർ അനുവദിച്ചു. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് 100 കോടി രൂപവീതം, ആകെ 405 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പിഎം ഉഷ (പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി) പദ്ധതിയ്‌ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് അംഗീകരിക്കുകയായിരുന്നു. മുൻവർഷത്തേക്കാൾ കൂടുതൽ തുക ഇത്തവണ ലഭിച്ചെന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തൃശ്ശൂരിൽ പറഞ്ഞു. കേരളത്തിനോട് നരേന്ദ്രമോദി സർക്കാർ കാണിക്കുന്ന കരുതലിന്റെ അവസാനത്തെ ഉദാഹരണമാണ് 405 കോടിയുടെ സഹായമെന്നു കെ. സുരേന്ദ്രൻ പറഞ്ഞു.
മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് വിഭാഗത്തിലാണ് കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതം നൽകുന്നത്. എംജി സര്‍വ്വകലാശാലയ്‌ക്ക് 20 കോടി രൂപ ലഭിക്കും. സനാതന ധര്‍മ്മ കോളേജ് ആലപ്പുഴ, മാറമ്പള്ളി എംഇഎസ് കോളേജ്, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ്, ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്‌ള്യു എം ഓ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയ്‌ക്ക് 5 കോടി രൂപ വീതമാണ് നല്‍കുക. വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് പത്തു കോടി രൂപ വീതവും ലഭിക്കും.