രാജഭരണകാലത്തു “തിരുവായിക്കു എതിർവായില്ല” എന്നതു നമുക്കറിയാമല്ലോ. രാജകല്പന അലംഘനീയം ആയിരുന്നു. അനുസരിക്കാൻ എല്ലാ പ്രജകളും ബാധ്യസ്ഥർ ആയിരുന്നു. അതുപോലെ ആയിരുന്നു കൂട്ടുകുടുംബങ്ങളിലെയും സ്ഥിതി. “മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും” എന്നതു നെല്ലിക്ക തിന്നിട്ടുള്ളവർക്കറിയാം. “തറവാട്ടിൽ കാരണവന് അടുപ്പിലും തുപ്പാം” എന്നു പറയുമ്പോൾ അവരുടെ വാക്കുകളും പ്രവർത്തികളും ചോദ്യം ചെയ്യാൻ പാടില്ല എന്ന അർഥത്തിൽ എടുത്താൽ മതിയാകും.
വിട്ടുവീഴ്ച ഇല്ലാതെ കാര്യങ്ങൾ ചെയ്യുന്നവരോട് കാരണവന്മാർ പറയും “അറമുറുക്ക് കൊടുംബിരികൊള്ളും” എന്ന്. തെങ്ങിന്റെ തൊണ്ടുതല്ലി ചകിരി ഉണ്ടാക്കി അതുകൊണ്ട് കയറു പിരിക്കുമ്പോൾ കിട്ടിയ അറിവിൽ നിന്നു ഉടലെടുത്ത ഒരു ചൊല്ല്. കുടുംബബന്ധങ്ങൾ തകരാതെ കാത്തു സൂക്ഷിക്കാൻ ഒരു മുന്നറിയിപ്പ്. ജീവിതം ഒരു ചക്രം പോലെയാണ്. അതു കറങ്ങികൊണ്ടേയിരിക്കും. ഇന്നു മുകളിൽ എത്തിയാൽ നാളെ അതു താഴെയായിരിക്കും. അതു പറഞ്ഞുതരാനും ഒരു ചൊല്ലുണ്ട്. “ശ്രീമാന്റെ പുത്രൻ ധനവാൻ ധനവാന്റെ പുത്രൻ ദീപാളി, അവന്റെ പുത്രൻ എരപ്പാളി” അതുകൊണ്ട് ജീവിതം പടുത്തുയർത്തുമ്പോൾ ജാഗ്രത ഏറെവേണം. നല്ലതു പറയുക നല്ലതു ചെയ്യുക. “എല്ലുമുറിയെ പണിചെയ്താൽ പല്ലുമുറിയെ തിന്നാം”. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല. “ദുഃഖമുള്ളവനെ ധർമചിന്ത ഉണ്ടാകയുള്ളു” ‘ദീപാളികുളിക്കുക’ വഴി കൈവന്ന ധനം നഷ്ടപ്പെടുത്തുന്നവരെ സമൂഹത്തിൽ ധാരാളമായി കാണാമല്ലോ. “പണം ഇല്ലാത്തവൻ പിണം” എന്ന അവസ്ഥയിലേക്ക് അടുത്ത തലമുറ പോകാതിരിക്കുവാൻ ശ്രദ്ധിക്കുക. അതുകൊണ്ട് ആറുപിശുക്കനായാൽ എന്താകും അവസ്ഥ. “ഈറ്റമായൻ നേടിയത് ചക്കരമായൻ തിന്നു” എന്ന അവസ്ഥയാകും. ലുബ്ധിച്ചു നേടിയത് ഉറുമ്പ് കൊണ്ടുപോകും.
ധാരാളം വസ്ത്രങ്ങൾ വാങ്ങി വെറുതെ വച്ചിരിക്കുന്നവരോട് നമുക്ക് പറയാം “ഉടുക്കാവസ്ത്രം പുഴു തിന്നും” എന്ന്. ആരോഗ്യവും തൊഴിലും അറിയാമെങ്കിലും തെക്കുവടക്കു നടക്കുന്നവരെ ഓർമിപ്പിക്കം “ഇരുമ്പും തൊഴിലും ഇരിക്കെ കെടും” എന്നുള്ളത്.
കുറ്റവും കുറവുകളും ജീവിതത്തിന്റെ എല്ലാ മേഖലയിലും കാണും. “ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണം”. കുറവുകളെ പരിഹരിക്കുവാൻ ഉള്ള ബുദ്ധിശക്തി എല്ലാവർക്കും ഉണ്ടല്ലോ. പണ്ടുകാലത്തു വീടുണ്ടാക്കുമ്പോൾ “ക്ഷേത്രമില്ലാതുള്ള ദേശേ വസിക്കൊല്ല” എന്ന ചൊല്ലു മനസ്സിൽ ഉൾക്കൊണ്ടുകൊണ്ടാണ് വീടു പണിയുന്നത്. ദേവാലയ സാന്നിധ്യം കുടുംബങ്ങളിൽ ഉള്ളവർക്കു ദൈവചിന്ത ഉണ്ടാകുന്നതിനും നിലനിർത്തി കൊണ്ടുപോകുന്നതിനും സഹായകമാകുമല്ലോ. കുടുംബം പോറ്റിപുലർത്തുവാൻ എത്രമാത്രം കഷ്ടപ്പാടും ത്യാഗവും വേണം എന്നതു “കുടുംബം ഭരിച്ചവന് കാശിയിൽ പോകേണ്ട” എന്നതിലൂടെ നമുക്ക് പറഞ്ഞു തരുന്നു. ത്യാഗത്തിന്റെ പ്രതിഫലം ആണല്ലോ മോക്ഷം. “ഏതാനുമുണ്ടെങ്കിൽ ആരാനുമുണ്ട്” നിങ്ങൾ മാമോനെകൊണ്ടു സ്നേഹിതരെ ഉണ്ടാക്കിക്കൊള്ളിൻ. പക്ഷെ “ആരാനെ ആറാണ്ടു നോക്കിയാലും ആരാൻ ആരാൻ തന്നെ”എന്ന ചിന്തയും മനസ്സിൽ വേണം.
കുടുംബങ്ങളാണല്ലോ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാന തൂണുകൾ. വിവാഹത്തിലൂടെ പുതിയ പുതിയ കുടുംബങ്ങൾ പിറവിയെടുക്കുന്നു. അപ്പോൾ തുണയായ ഇണയെ തെരഞ്ഞെടുക്കുന്നതിൽ വളരെയേറെ ശ്രദ്ധിക്കണം. “കൊതി പോലെ വരില്ല വിധിപോലെയെ വരൂ” എന്നുണ്ടെങ്കിലും “മരമറിഞ്ഞു കൊടിയിടണം” എന്നത് ആദ്യമേ മനസ്സിലുണ്ടായിരിക്കണം. ഇവിടെ കൊടി എന്നത് കുരുമുളക് ചെടിയാണ്. പണ്ടു കൃഷിക്കായി രണ്ടുതരം കൊടിയാണ് ഉപയോഗിച്ചിരുന്നത്, നാരായക്കൊടിയും കരിമുണ്ടയും. വലിയ മരങ്ങളിൽ നാരായക്കൊടിയും ഇടത്തരം മരങ്ങളിൽ കരിമുണ്ടയും. അതിനാൽ “ആളറിഞ്ഞു പെണ്ണും മരമറിഞ്ഞു കൊടിയും” എന്നതു മറക്കരുത്.
“മിന്നുന്നതെല്ലാം പൊന്നല്ല”, “തന്നിലെളിയ ബന്ധുത്വം തന്നിൽ വലിയ ചങ്ങാതി” “തുണയില്ലാത്തവന്റെ തുണ കെട്ടൊല്ല” എന്നീ കാര്യങ്ങളും ഓർമയിൽ ഉണ്ടാകണം. “തുണയില്ലാത്തവന് ദൈവം തുണ” എന്ന ആശ്വാസ ചിന്തയും നമുക്കായി കരുതിയിട്ടുണ്ട്.
“കോപമുള്ളവനെ കൂറുള്ളു” എന്നതിൽ കഴമ്പുണ്ടായിരിക്കാം. എങ്കിലും “ഒരു കോപം കൊണ്ടു അങ്ങോട്ട് (കിണറ്റിലേക്ക്) ചാടിയാൽ ഇരുകോപംകൊണ്ട് ഇങ്ങോട്ട് പോരാമോ” എന്ന ഗീതാസന്ദേശവും “കോപകാമാദികളെ ക്ഷമയാ ജയിപ്പവൻ താപസശ്രേഷ്ഠൻ “എന്നതും മറക്കല്ലേ.
പഴയ തറവാടുകളിൽ കുട്ടികളും പേരക്കുട്ടികളും കൂടുതലുണ്ടാകും. “കുഞ്ഞിയിൽ പഠിച്ചത് ഒഴിക്കയില്ല” എന്നു മനസ്സിലാക്കികൊണ്ടായിരുന്നു ശിക്ഷണം. “മാതാപിതാ ഗുരു ദൈവം” എന്നതിൽ ഉറച്ച വിശ്വാസം ആയിരുന്നു. “ആശാനക്ഷരം ഒന്നു പിഴച്ചാൽ അൻപത്തൊന്നു പിഴക്കും ശിക്ഷ്യന്” എന്നതുകൊണ്ടു ആശാന്മാരെ തെരഞ്ഞെടുക്കുന്നതിൽ ജാഗ്രത പുലർത്തിയിരുന്നു.
“അഞ്ചിൽ അറിയാത്തവൻ അമ്പതിൽ അറിയുമോ” എന്നതിനാൽ അഞ്ചു വയസ്സിനു മുമ്പേ കളരിയിൽ ചേർക്കും. അരിയിൽ എഴുതിയ ആദ്യാക്ഷരം തൊട്ടുള്ള പഠനം. നിലത്തു വിരിച്ച പൊടിമണ്ണിൽ വിരലുകൾ കൊണ്ടു ആശാൻ കൈപിടിച്ച് എഴുതിക്കും. പിന്നെ തന്നെ എഴുതണം. കൂടുതൽ ആവർത്തിപ്പിച്ചാൽ ആശാൻ കൈ പിടിച്ചമർത്തും. പൊടിമണലിൽ കൈവിരൽ അമർന്നു വേദനിക്കും. പക്ഷേ നന്നായി എഴുതി പഠിപ്പിച്ചേ അടുത്ത അക്ഷരത്തിലേക്ക് കടക്കയുള്ളു. കാരണമുണ്ട് “അഞ്ചിലെ വളയ്ക്കാഞ്ഞാൽ അമ്പതിൽ വളയുമോ”. അത് ആശാന് നന്നായറിയാം. “ചൊല്ലിക്കൊട്, നുള്ളിക്കൊട്, തല്ലിക്കൊട് , തള്ളിക്കള” എന്നതാണ് അന്നത്തെ ശിക്ഷണ രീതി.
അന്നത്തെ സ്ത്രീജനത്തിന്റെ മുഖ്യ ജോലി വീട്ടിലുള്ളവർക്കു ഭക്ഷണം തയ്യാറാക്കി നൽകുകയായിരുന്നല്ലോ. “അരവു നന്നായാലേ കൂട്ടാൻ നന്നാവൂ”, “കൈ ആടിയാലേ വായാടു”, “കോഴിമുട്ട ഉടയ്ക്കുവാൻ കുറുവടി വേണ്ട” എന്നതെല്ലാം അവർക്കു മനപാഠമായിരുന്നു. അടുപ്പത്തു വച്ചിരുന്ന പാൽ പാത്രം തിളച്ചു തൂകുമ്പോൾ “കൈക്കില കൂടാതെ വാങ്ങുക” എന്നതു പ്രയോഗിച്ചു പൊള്ളലേറ്റവരും ഉണ്ടാകും.
“കൈക്കെത്തിയത് വായ്ക്കെത്താതെ വരിക” “അഷ്ടദാരിദ്ര്യം പിടിച്ചവനു തൊട്ടതെല്ലാം നഷ്ടം” എന്നതെല്ലാം അനുഭവദോഷം. “ചത്ത പശുവിനു മുക്കുടം പാല്” എന്നു നഷ്ടപ്പെട്ടതിനെ പുകഴ്ത്തുന്നവരും “ചത്ത കുഞ്ഞിന്റെ ജാതകം നോക്കേണ്ട” എന്നതിന് വിപരീതമായി പ്രവർത്തിക്കുന്നവരും നമുക്കു ചുറ്റുമുണ്ട്. “അമ്പില്ലാത്തവനോട് തുമ്പു കെട്ടിയതു അറിവില്ലാത്തവന്റെ പോയത്തം,” എന്നു പിറുപിറത്തുകൊണ്ട് ആശ്വാസം കണ്ടെത്തുന്നവരെയും നമുക്കു ചുറ്റിലും കാണാമല്ലോ. “കുല പഴുക്കുമ്പോൾ സംക്രാന്തി” ആണു ചിലർക്ക്. യഥാകാലം ചെയ്യേണ്ടത് ചെയ്യില്ല. അവർക്കു ഇഷ്ടമുള്ളപ്പോൾ ചെയ്യും.
“പൊതുജനം പലവിധം” എന്നു നമുക്കു ആശ്വസിക്കാം.
തുടരും…
എ വി ആലയ്ക്കപറമ്പിൽ