ന്യൂയോർക്ക്: പനാമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് പനാമ അമിത നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകി. കനാലിന്റെ അധികാരം ‘തെറ്റായ കൈകളിലേക്കെ’ത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് ഈ പാതയിലെ ചൈനീസ് അധിനിവേശത്തെ അവഗണിക്കില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
പസഫിക് –അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പൽ പാതയാണ് മധ്യ അമേരിക്കൻ രാജ്യമായ പനാമയിലെ ഈ കനാൽ. 1904-ല്‍ നിര്‍മാണം പൂര്‍ത്തിയായ 82 കിലോമീറ്റര്‍ നീളമുള്ള ഈ കനാല്‍ 1999-ലാണ് അമേരിക്ക പനാമയ്ക്ക് കൈമാറുന്നത്. 1977-ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഒപ്പുവച്ച കരാറിലൂടെ കനാലിന്റെ നിയന്ത്രണം പനാമയ്ക്കു നൽകുകയായിരുന്നു. രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെ 5 ശതമാനവും പനാമ കനാൽ വഴിയാണ്.