ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. പുഷ്പ 2 റിലീസിംഗ് ദിനത്തിൽ തിരക്കിൽപ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം ആണ് വീട് ആക്രമിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് സംഘം അതിക്രമം നടത്തിയത്.
സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പുഷ്പ 2-വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തിൽ അല്ലു അർജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യക്കേസിലെ നടപടിയിൽ മണിക്കൂറുകൾക്കകം ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അർജുന് ജയിലിൽ കിടക്കേണ്ടി വന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകൻ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. പോലീസ് അനുമതി നിഷേധിച്ചിട്ടും പ്രീമിയർ ഷോയിൽ അല്ലു അർജുൻ പങ്കെടുക്കുകയായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചിരുന്നു.