തിരുവനന്തപുരം: 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനം. മികച്ച സിനിമക്കുള്ള സുവർണ്ണ ചകോരം ബ്രസീലിയൻ ചിത്രം മാലുവിന് ലഭിച്ചു. മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്ക്കാരങ്ങൾ സ്വന്തമാക്കി മേളയിൽ തിളങ്ങി. സ്ത്രീപക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ച മേള ഐക്യത്തിന്റെയും ഒരുമയുടേയും പ്രതീകമായിരുന്നുവെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടേയും ദുരിതമനുഭവിക്കുന്നവരുടേയും അവകാശത്തോടൊപ്പമാണ് ഈ മേള നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയ്‌ക്കാണ് പുരസ്കാരം.
മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പെഡ്രെ ഫ്രെയെര്‍ സംവിധാനം ചെയ്ത ‘മലു’ കരസ്ഥമാക്കി. സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം ഫർഹദ് ഹഷ്മിക്ക് ലഭിച്ചു. മീ മറിയം, ദി ചിൽഡ്രൻ ആൻറ് 26 അദേഴ്സ് എന്ന ഇറാനിയൻ ചിത്രത്തിനാണ് അവാർഡ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ക്രിസ്റ്റബൽ ലിയോണും ജോക്വിൻ കൊസിനായ്ക്കും കിട്ടി. 29 -ാം മേളയിൽ തിളങ്ങിയത് ഫെമിനിച്ചി ഫാത്തിമയാണ്. മികച്ച മലയാള സിനിമക്കുള്ള ഫ്രിപ്രസി, നെറ്റ് പാക് പുരസ്ക്കാരങ്ങളും, എഫ്എഫ്എസ്ഐ കെആർ മോഹനൻ പ്രത്യേക പരാമർശവും, ജൂറിയുടെ പ്രത്യേക പരാമർവും, പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രവുമായി ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ. മികച്ച നവാഗത സംവിധായകക്കുള്ള എഫ്എഫ്എസ്ഐ കെആർ മോഹനൻ പുരസ്ക്കാരം ഇന്ദുലക്ഷ്മിക്ക് ലഭിച്ചു- ചിത്രം അപ്പുറം. മലയാളത്തിലെ മികച്ച നവാഗത ചിത്രം വിക്ടോറിയ ആണ്- സംവിധാനം ശിവരജ്ഞിനി. അനഘ രവിക്കും ചിന്മയ സിദ്ധിഖിക്കും മികച്ച പ്രകടനത്തിനുള്ള ജൂറി പരാമർശം ലഭിച്ചു.
നിശാഗാന്ധിയില്‍ നടന്ന സമാപന ചടങ്ങിൽ സുവര്‍ണ ചകോരം നേടിയ പെഡ്രെ ഫ്രെയെറുടെ ‘മലു’ പ്രദര്‍ശിപ്പിച്ചു. വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് രാജ്യാന്തര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പഴ്‌സൻ. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.