Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Kerala കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെ പ്രസക്തി വർദ്ധിച്ചോ?
കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെ പ്രസക്തി വർദ്ധിപ്പിച്ചോ?

കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെ പ്രസക്തി വർദ്ധിച്ചോ?

by Editor
Mind Solutions

അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ കസേരകളി വളരെ ശക്തമായി ആരംഭിച്ചു കഴിഞ്ഞു. അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്നതാണ് ഇപ്പോൾ കോൺഗ്രസിൽ ചർച്ചാവിഷയം. വി ഡി സതീശൻ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നൊരു തോന്നൽ മുതിർന്ന നേതാക്കൾക്കുണ്ട്. 2026 -ല്‍ അധികാരത്തിലെത്തിയാല്‍ സ്വാഭാവികമായും മുഖ്യമന്ത്രിയാകും എന്നുള്ള പ്രതീക്ഷയിൽ ആണ് വി ഡി സതീശന്‍. ഇത് മുന്‍കൂട്ടി കണ്ടാണ് സതീശന്‍ വിഭാഗത്തെ ദുര്‍ബലമാക്കാന്‍ എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പല മുതിര്‍ന്ന നേതാക്കളും ചെന്നിത്തലയ്‌ക്കൊപ്പം നില്‍ക്കുന്നത്. അങ്ങനെയിരിക്കെയാണ് കേരളത്തിലെ രണ്ടു പ്രമുഖ സാമുദായിക സംഘടനകൾ രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.

11 വർഷത്തെ പിണക്കം മാറ്റി എൻ എസ് എസ് രമേശിനെ ക്ഷണിച്ചതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചതു. അതിനു പുറകെയാണ് മുഖ്യമന്ത്രിയാകാൻ പ്രതിപക്ഷ നേതാവിനെക്കായിലും യോഗ്യൻ രമേശ് ചെന്നിത്തല ആണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. രമേശ് ചെന്നിത്തലയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ചും ആണ് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കു വാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചെന്നിത്തല കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി എന്‍.എസ്.എസ്. ചെന്നിത്തലയെ ക്ഷണിക്കുകയും ചെയ്തു. ഇതിനെ പിന്തുണച്ചുകൊണ്ടാണ് വെള്ളാപ്പള്ളി രംഗത്ത് വന്നത്. ‘സമുദായ സംഘടനകളോട് രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും അടുപ്പം പുലര്‍ത്തണം. സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം,’ എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും അത്തരത്തിലാണ് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പി., എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിമാരുമായി ഇപ്പോള്‍ വി.ഡി. സതീശന്‍ അത്ര നല്ല ബന്ധത്തിലല്ല. മാത്രമല്ല, എതിര്‍പക്ഷത്ത് നിന്നുകൊണ്ട് ഇരുസംഘടകള്‍ക്കും എതിരെ പരസ്യമായ പ്രസ്താവനകള്‍ നടത്തുന്നുമുണ്ട്. പ്രതിപക്ഷ നേതാവിനോട് ഇരുസംഘടനകള്‍ക്കുമുള്ള താല്‍പര്യമില്ലായ്മ കൂടിയാവാം രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ നല്‍കുന്ന പരസ്യപിന്തുണയ്ക്ക് പിന്നിലുള്ള കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വി.ഡി.സതീശനോടു താല്പര്യമില്ലാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു കൂടുതൽ അടുപ്പം കാണിക്കുന്നുണ്ട്. പാര്‍ട്ടിയെ പൂര്‍ണമായി തന്റെ വരുതിയിലാക്കാന്‍ സതീശന്‍ ശ്രമിക്കുകയാണെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. നിലവിലെ ആധിപത്യം സതീശന്‍ തുടര്‍ന്നാല്‍ പാര്‍ട്ടി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പ്രമുഖരായ ചില നേതാക്കള്‍ ഒറ്റക്കെട്ടായി സതീശനെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. സതീശനെ ഒതുക്കാന്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം കെ.സുധാകരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, കെ.മുരളീധരന്‍, ചാണ്ടി ഉമ്മന്‍, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളുമുണ്ട് എന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും വി.ഡി.സതീശനോട് താല്പര്യം ഇല്ല.

2013-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ഭൂരിപക്ഷ ജനവിഭാഗം സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുകുമാരന്‍ നായരെ തള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നിരുന്നു. പിന്നാലെ തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമര്‍ശം എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരന്‍ നായരെ തള്ളി പറഞ്ഞു. ഇതോടെയാണ് എന്‍എസ്എസും രമേശ് ചെന്നിത്തലയും തമ്മില്‍ അകന്നത്. ആ അകല്‍ച്ചയ്ക്കാണ് കഴിഞ്ഞ ദിവസം മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചുകൊണ്ട് എന്‍എസ്എസ് വിരാമമിട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ നിലവിലെ ഗ്രൂപ്പ് പോര് കോണ്‍ഗ്രസില്‍ രൂക്ഷമാകാനാണ് സാധ്യത. സീറ്റ് വിഭജനത്തിന്റെ സമയത്ത് വി.ഡി.സതീശന്‍ വിഭാഗത്തിനു വെല്ലുവിളി ഉയര്‍ത്തി തങ്ങളുടെ നോമിനികളെ പല സീറ്റുകളിലേക്കും നിര്‍ദേശിക്കാനാണ് ചെന്നിത്തല പക്ഷത്തിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടി വിഭാഗക്കാരായ കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി.വിഷ്ണുനാഥ്, വി.ടി.ബല്‍റാം തുടങ്ങിയവരും ചെന്നിത്തലയ്ക്കു രഹസ്യ പിന്തുണ നല്‍കുന്നുണ്ട്.  2026 -ല്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങള്‍ സതീശന്‍ നടത്തുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് സതീശന്‍ വിഭാഗത്തെ ദുര്‍ബലമാക്കാന്‍ എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പല മുതിര്‍ന്ന നേതാക്കളും ചെന്നിത്തലയ്‌ക്കൊപ്പം നില്‍ക്കുന്നത്.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!