സ്കോട്ലാൻഡിലെ മനോഹരമായ ഒരു ഗ്രാമത്തിലായിരുന്നു നിക്ക് എന്ന തെരുവ് ഗായകനും കൊച്ചുമകനായ മൈക്കും താമസിച്ചിരുന്നത്. നിനച്ചിരിക്കാതെയെത്തിയ അപകടം മകളുടെയും മരുമകന്റെയും ജീവൻ അപഹരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയ മൂന്നു വയസ്സുകാരനായ മൈക്ക് അപ്പൂപ്പന്റെ ശിഷ്ട ജീവിതത്തോട് ചേർന്നതാണ്. അന്നുമുതൽ നിക്കും മൈക്കും ഒപ്പം സംഗീതവുമായിരുന്നു അവരുടെ കൊച്ചു ലോകം. ദാരിദ്ര്യാവസ്ഥ ആയിരുന്നെങ്കിലും അവരിരുവരും തൃപ്‌തരായിരുന്നു. തെരുവിൽ പാട്ടുപാടി ലഭിക്കുന്ന നാണയത്തുട്ടുകളായിരുന്നു അവരുടെ വരുമാനമാർഗ്ഗം. പ്രായം ശരീരം തളർത്തിക്കൊണ്ടിരുന്ന അപ്പൂപ്പന് സഹായിയായി കൊച്ചു മൈക്ക് എപ്പോഴും ഒപ്പമുണ്ടാകും.
ഡിസംബറിന്റെ കൊടുംതണുപ്പുള്ള ആ ദിവസവും പതിവ് പോലെ നിക്ക് തന്റെ ഗിത്താറുമെടുത്ത് പട്ടണത്തിലേക്കിറങ്ങി. പതിവ് പോലെ മൈക്കും അപ്പൂപ്പന്റെ ഒപ്പം കൂടി. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ക്രിസ്മസ് ആണ്. നല്ല തിരക്കുണ്ടാവും. നേരത്തേ പട്ടണത്തിലെത്തിയാൽ ആശക്കു വകയുണ്ട്.
വേഗം നടക്ക് മൈക്ക് …… ഇരുള് വീഴും മുൻപ് പട്ടണത്തിൽ എത്തിയില്ലെങ്കിൽ ഇന്ന് നമ്മൾ പട്ടിണിയാവും.
അറുപത് വയസ്സുകാരനായ നിക്കിന്റെ ഒപ്പമെത്താൻ എട്ടു വയസ്സുകാരൻ മൈക്ക് വല്ലാതെ പണിപ്പെട്ടു. നടത്തത്തിനിടയിൽ അവനാലോചിച്ചത് അപ്പൂപ്പനെങ്ങനെ രോഗാവസ്ഥയിലും അത് വക വയ്ക്കാതെ ഇത്ര വേഗം നടക്കാൻ സാധിക്കുന്നു?
പട്ടണത്തിലെത്തിപ്പോഴേക്കും സമയം ആറുമണി.
നിശാക്ലബ്ബ്കളും ഹോട്ടലുകളുമൊക്കെ സജീവമായി കഴിഞ്ഞിരുന്നു.
തിരക്കിട്ട് അവസാനനിമിഷ ഷോപ്പിംഗ് നടത്തുന്നുന്നവർ.
ദീപാലംകൃതമായ നഗരവീഥികൾ.
ഹൃദയഭാഗത്തായി ഒരു കൂറ്റൻ ക്രിസ്മസ് ട്രീ തലയുയർത്തി നിൽക്കുന്നു.
ജിംഗിൾ ബെൽസ് …… സംഗീതം അന്തരീക്ഷത്തിലെങ്ങും അലയടിക്കുന്നു.
ക്രിസ്തുദേവന്റെ ജനനം ആഘോഷിക്കാൻ എല്ലാവരും തയ്യാറായി കഴിഞ്ഞിരുന്നു.
നിക്ക് താൻ സ്ഥിരമായി നിന്ന് പാടുന്ന തെരുവോരത്ത് സ്ഥാനം പിടിച്ച് ഗിറ്റാർ വായിച്ചു പാടുവാൻ തുടങ്ങി.
Santa Claus is coming to town………..
മൈക്ക് ഗിറ്റാറിന്റെ കവർ നിവർത്തി തറയിലിട്ടു അപ്പൂപ്പന്റെ സഹായിയായി മൈക്കും പതിവ് പോലെ കൂടി. മരം കോച്ചുന്ന തണുപ്പിൽ അവരെ കടന്നു പോകുന്ന ചിലരൊക്കെ തറയിലെ വിരിയിൽ നാണയത്തുട്ടുകൾ ഇടുന്നു. മറ്റുചിലർ ഗൗനിക്കാതെ തിരക്കിട്ട് നടന്നുപോകുന്നു.
ഒന്നുരണ്ട് പ്രായമായവർ മാറിയിരുന്ന് തന്റെ അപ്പൂപ്പന്റെ പാട്ട് ആസ്വദിക്കുന്നത് നിക്ക് കണ്ടു. സ്ഥിരമായി കാണുന്ന മുഖങ്ങളായിരുന്നു അവരിൽ ചിലതൊക്കെ. തണുത്ത് വിറച്ചു കൊണ്ടാണെങ്കിലും ചുറ്റുമുള്ള മനോഹരകാഴ്ചകൾ അവൻ കൊതിയോടെ വീക്ഷിക്കുകയായിരുന്നു. ആ കൊടും തണുപ്പിനെ അതിജീവിക്കാനായി ഒരു ജാക്കറ്റ് ധരിച്ചിട്ടുണ്ടെങ്കിലും എല്ലു തുളച്ചു കയറുന്ന തണുപ്പിന് കീറിത്തുന്നിയ അവരുടെ വസ്ത്രങ്ങളും തേഞ്ഞ് തീരാറായ ഷൂസും മതിയാകുമായിരുന്നില്ല.
ക്രിസ്മസ് വിഭവങ്ങൾ കടകളിലൊക്കെയും നിരന്നിരിക്കുന്നു. കുട്ടികൾക്ക് സമ്മാനമായി പുത്തനുടുപ്പും കളിപ്പാട്ടങ്ങളും ചോക്കലേറ്റുകളുമൊക്കെ വാങ്ങി കൂട്ടാനായി തിരക്ക് കൂട്ടുന്ന മാതാപിതാക്കൾ. അവന്റെ കുരുന്നുമനസ്സിൽ തന്റെയും മാതാപിതാക്കൾ ജീവിച്ചിരുന്നെങ്കിലെന്ന ദുഃഖം വല്ലാതെ നിഴൽ വീഴ്ത്തി. അവരുടെ മരണശേഷം അപ്പൂപ്പന്റെ സംരക്ഷണത്തിൽ വളരുന്ന അവന് നിക്ക് തന്നെ കൊണ്ടാവും വിധമെല്ലാം സങ്കടം അറിയിക്കാതെ വളർത്തുന്നുണ്ടങ്കിലും ഇടക്കൊക്കെ ജീവിതത്തിലെ ആ വലിയ നഷ്ടത്തെകുറിച്ച് ഓർക്കുമ്പോൾ നിരാശയുടെ ആഴക്കയത്തിലേക്ക് ആ കുഞ്ഞ് ഹൃദയം വീണു പോകാറുണ്ടായിരുന്നു.
അന്നേ ദിവസം പ്രതീക്ഷിച്ച പോലെയൊന്നും ലഭിച്ചിരുന്നില്ല. പാട്ട് പാടി ലഭിച്ച അന്നത്തെ വരുമാനവുമായി വീട്ടിലേക്കു തിരികെ നടക്കുന്നതിനിടയിൽ മൈക്ക് അപ്പൂപ്പനോട് ചോദിച്ചു.
അപ്പൂപ്പാ ….സാന്റാക്ലോസിനെ കാണാൻ കഴിയുമോ? ശരിക്കുമുള്ളതാണോ ഈ സാന്റാ ? അപ്പൂപ്പൻ പറഞ്ഞിട്ടില്ലേ …..നല്ല കുട്ടിയായിരുന്നുന്നാൽ നമ്മൾ ചോദിക്കുന്നതെന്തും സാന്റാക്ലോസ് തരുമെന്ന് ?സത്യമാണോ ? അവന് എല്ലാം സംശയങ്ങൾ ആയിരുന്നു.
സത്യമാണ് കുഞ്ഞേ …. മോന് ആഗ്രഹങ്ങൾ ഒരു ലിസ്റ്റ് എഴുതി വയ്ക്കൂ. നിനക്കുള്ള സമ്മാനങ്ങളുമായി ക്രിസ്മസ് തലേന്ന് രാത്രി സാന്റാ തീർച്ചയായുമെത്തും….
ഇത് കേട്ട അവന്റെ മുഖം വിടർന്നു. പ്രതീക്ഷയിൽ ആ കണ്ണുകൾ തിളങ്ങി.
കൊച്ചുമകന് ഉറപ്പു കൊടുത്തെങ്കിലും ആ പാവം വൃദ്ധന്റെ ഉള്ള് നീറകയായിരുന്നു. പിഞ്ചു ഹൃദയത്തിന്റെ ആഗ്രഹങ്ങളൊക്കെ അയാൾക്ക് വായിച്ചെടുക്കാൻ പറ്റുമായിരുന്നു. പക്ഷെ പാട്ടു പാടി കിട്ടുന്ന തുശ്ചമായ വരുമാനം അന്നന്നുള്ള അന്നത്തിന് തന്നെ തികയുന്നത് കഷ്ടിയാണ്. പിന്നെയെങ്ങനെ തന്റെ കുഞ്ഞിന് സമ്മാനങ്ങൾ വാങ്ങാനാവും.
വീട്ടിലെത്തിയ ഉടനെതന്നെ അപ്പൂപ്പൻ പറഞ്ഞത് അനുസരിച്ച് സാന്റായ്ക്ക് അവനൊരു കത്തെഴുതി.
പ്രിയ സാന്റാ,
ഞാൻ അങ്ങയുടെ വരവ് കാത്തിരിക്കുകയാണ്. എനിക്കും അപ്പൂപ്പനും വേറാരുമില്ല ക്രിസ്മസിന് അതിഥികളായി എത്താൻ. അപ്പൂപ്പന് വയസ്സായി എന്റെ ആഗ്രഹങ്ങൾ നടത്തിത്തരാനും സന്തോഷിപ്പിക്കാനുമായി ആ പാവം ഒരുപാട് കഷ്ടപ്പെടുന്നു. എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. എന്റെ അപ്പൂപ്പൻ കൊടും തണുപ്പിൽ നിന്ന് പാടുമ്പോൾ പ്രായമായ ആ ശരീരം ഇനി തണുപ്പ് താങ്ങില്ല. ഈ തണുപ്പിൽ നിന്ന് രക്ഷപെടാനായി നല്ല ഒരു ജാക്കറ്റ് വേണം തേഞ്ഞു തീരാറായ ഷൂസ് ആണ് ധരിക്കുന്നത്. എനിക്കായി ക്രിസ്മസ് വിഭവങ്ങൾ എങ്ങനെയും ഒരുക്കാൻ ആ പാവം വിഷമിക്കുന്നു. ഞങ്ങൾക്ക് വിഭവങ്ങൾ ഒന്നുമില്ലെങ്കിലും വയർ നിറയെ ക്രിസ്മസിനെങ്കിലും ആഹാരം കഴിക്കണം. ദയവായി അങ്ങ് ഞങ്ങൾക്കായി ഇത്രമാത്രം സമ്മാനമായി നൽകണം.
എന്ന്
മൈക്ക്.
ഇത്രയുമെഴുതി അവനത് സാന്റാ വരുമ്പോൾ പെട്ടെന്ന് കാണത്തക്ക വിധത്തിൽ ടേബിളിൽ വച്ചു.
ക്രിസ്മസ് തലേദിവസം ….. ചുറ്റുപാടും ആഘോഷത്തിമിർപ്പിൽ മുങ്ങിയപ്പോൾ ആളും ആരവങ്ങളുമൊന്നുമില്ലാതെ ആ കുടിൽ മാത്രം ശാന്തമായിരുന്നു. ആകെയുണ്ടായിരുന്ന ബ്രെഡ് ജാം ചേർത്ത് കഴിച്ച് ഇരുവരും ഉറങ്ങാൻ കിടന്നു. അപ്പോഴും കുഞ്ഞു മൈക്ക് സാന്റായുടെ വരവ് അതിയായി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോ അവൻ ഉറക്കത്തിലേക്കു വഴുതി വീണു. അതിരാവിലെ ഉറക്കമുണർന്നവൻ വളരെയധികം ഉത്സാഹത്തോടും പ്രതീക്ഷയോടും ചുറ്റും നോക്കി. സാന്റാ എത്തിയതിന്റെ ഒരു ലക്ഷണവും ഇല്ല ……. സമ്മാനപ്പൊതികളൊന്നും തന്നെ കാണാനില്ല. ആകെ നിരാശനായ മൈക്ക് ജനാലയിൽ കൂടി പുറത്തേക്ക് നോക്കിയപ്പോൾ ചുറ്റും മഞ്ഞു പുതച്ചു കിടക്കുന്നതാണ് കണ്ടത്.
അപ്പോഴും മെല്ലെ മഞ്ഞു പൊഴിയുന്നുണ്ടായിരുന്നു.
വാതിൽ തുറന്നവൻ വെളിയിലേക്കിറങ്ങാൻ തുനിയവെ എന്തോ ഒന്ന് കാലിൽ തടഞ്ഞു.
രണ്ടു വലിയ സമ്മാനപ്പൊതികൾ!!!
അവന്റെ കണ്ണുകൾ വിടർന്നു. നിഷ്കളങ്കമായ ആ മുഖത്ത് ഒരായിരം താരകങ്ങൾ മിന്നി.
അപ്പൂപ്പാ …. ഓടി വന്നേ ….. ഇത് കണ്ടോ ……. അപ്പൂപ്പൻ പറഞ്ഞ പോലെ തന്നെ സാന്റാ എത്തി. സമ്മാനപ്പൊതികളുമായി ……
ഓടിയെത്തിയ നിക്ക് ആ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. സമ്മാനപ്പൊതികളോടൊപ്പം ഒരു കത്തും ….
നല്ലൊരു ദിവസം ആശംസിക്കുന്നു. നിങ്ങളുടെ ഈ ദിവസം സന്തോഷിക്കൂ ….. ദൈവം അനുഗ്രഹിക്കട്ടെ .. എന്ന് സാന്റാ
ഇത് വായിച്ച നിക്കിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി. അപ്പോഴേക്കും മൈക്ക് പൊതികളോരോന്നായി തുറക്കാൻ തുടങ്ങിയിരുന്നു. ആദ്യം തുറന്ന സമ്മാനപ്പൊതിയിൽ നിറയെ ആഹാരസാധനങ്ങൾ ആയിരുന്നു. പട്ടണത്തിൽ കണ്ണാടിക്കൂട്ടിനുള്ളിൽ കണ്ട് രുചിയറിയാൻ കൊതിച്ച ഭക്ഷണമൊക്കെയും ആ പൊതിയിലുണ്ടായിരുന്നു. രണ്ടാമത്തെ പൊതിയിലാകട്ടെ അവർക്കിരുവർക്കും അതിശൈത്യത്തിൽ നിന്നും രക്ഷ നേടാനാവശ്യമായ പുതു വസ്ത്രങ്ങളും ഷൂസും ആയിരുന്നു. അവൻ സന്തോഷം കൊണ്ട് മതിമറന്ന് അപ്പൂപ്പനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
സാന്റായെ നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു ചെറിയ വിഷമം തോന്നിയെങ്കിലും അവൻ തൃപ്തനായിരുന്നു. എങ്ങനെ നന്ദി പറയണമെന്നറിയാതെ ആകാശത്തേക്ക് നോക്കി. നരച്ചമുടിയും താടിയും നീട്ടി വളർത്തി ചുവന്ന കുപ്പായമണിഞ്ഞ തേജസ്സുറ്റ മുഖമുള്ള സാന്റാക്ലോസ് തന്നെ നോക്കി ചിരിച്ചു കൊണ്ട് മാനുകൾ വലിക്കുന്ന വണ്ടിയിൽ മേഘങ്ങൾക്കിടയിലൂടെ തെന്നി മറയുന്നത് പോലെയവന് തോന്നി. സഹജീവി സ്നേഹവും കരുതലും നഷ്ടമാകാതെ കാത്തു സൂക്ഷിക്കുന്ന തങ്ങളുടെ ഇടയിൽ തന്നെ ജീവിക്കുന്ന, അദൃശ്യനായ നന്മമനസ്സുള്ള ആ സാന്റായുടെ സ്നേഹസമ്മാനങ്ങൾക്ക് മനസ്സിൽ നന്ദി പറഞ്ഞ് കൊച്ചുമകനോടൊപ്പം നിക്ക് അവരുടെ സ്നേഹകൂട്ടിലേക്ക് ചേക്കേറി. പകൽ മറയ്ക്കാൻ തിടുക്കം കാട്ടുന്നുണ്ടെങ്കിലും പോകാൻ മടി കാട്ടും പോലെയൊരു താരകം അപ്പോഴും വാനിൽ മിന്നി നിൽക്കുന്നുണ്ടായിരുന്നു.
പ്രീത അലക്സ്