41
ബെംഗളൂരു: ബെംഗളുരു–തുമക്കുരു ദേശീയപാതയിൽ കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. നിലമംഗലയ്‌ക്ക് സമീപം ദേശീയപാത 48 -ൽ ഇന്ന് രാവിലെയായിരുന്നു അപകടം. ചരക്കുകൾ കയറ്റി ബെംഗളൂരുവിൽ നിന്നും തുംകൂറിലേക്ക് പുറപ്പെട്ട കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോകുകയായിരുന്ന കുടുംബവുമായിരുന്നു വോൾവോ കാറിലുണ്ടായിരുന്നത്. ഇരുവാഹനങ്ങളും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. കണ്ടെയ്നർ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിനകത്തുണ്ടായിരുന്നവർ തൽക്ഷണം മരിച്ചു. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോൺ, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ് മരിച്ചത്.