പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നും ഇലക്ട്രിക് കാറുകളിലേക്ക് വിപണി മാറി തുടങ്ങിയതോടെ പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ക്ക് കാലിടറി തുടങ്ങി. മികച്ച സാങ്കേതികവിദ്യയും കുറഞ്ഞ വിലയുമായെത്തിയ ചൈനീസ് കമ്പനികള്‍ ഈ പ്രതിസന്ധിയുടെ ആഴം കൂട്ടിയതു. പ്രാദേശികതലത്തിലും ആഗോളതലത്തിലും എതിരാളികളില്‍നിന്നുള്ള കടുത്ത മത്സരം നേരിടാനായാണ് ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോര്‍ക്കുന്നത് എന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സഹകരണം ശക്തമാക്കുന്നതിനൊപ്പം ലയനസാധ്യതകളും ചർച്ചചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെസ്ലയും ചൈനീസ് വാഹനനിര്‍മാതാക്കളും അടക്കിവാഴുന്ന ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തായിരിക്കും ഇരുവരും കൂടുതല്‍ സഹകരിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നതു.
കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും ഇരു കമ്പനികളും തമ്മിലുള്ള സഹകരണ ചര്‍ച്ചകള്‍ പൂര്‍ണ ഫലം കാണാതെ നീണ്ടു പോവുകയാണ്. ജപ്പാനിലെ രണ്ടാമത്തേയും മൂന്നാമത്തേയും വലിയ കാര്‍ നിര്‍മാണ കമ്പനികളുടെ സഹകരണം സങ്കീര്‍ണമാവുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. വലിയ കമ്പനികളുടെ കൂടിച്ചേരലുകള്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുന്നതിനാല്‍ ജപ്പാനില്‍ വലിയ തോതില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു കാരണമാവാറുണ്ട്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുമായുള്ള സഹകരണത്തിന്റെ സങ്കീര്‍ണതകളും നിസാനുണ്ട്. അതിനിടെ, ഹോണ്ടയ്ക്കും നിസ്സാനും ഒപ്പം മറ്റൊരു ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ‘മിത്‌സുബിഷി’യും പങ്കാളികളായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റില്‍ തന്നെ ഇരു കമ്പനികളും മിറ്റ്‌സുബിഷി മോട്ടോഴ്‌സുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. മിറ്റ്‌സുബിഷിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളി നിസാനാണ്.
ടൊയോട്ട കഴിഞ്ഞാല്‍ ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളാണ് ഹോണ്ട. നിസ്സാന്‍ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും. ഇ.വി. വിപണിയില്‍ വെല്ലുവിളികൾ ഉയര്‍ന്നതോടെയാണ് ഹോണ്ടയും നിസ്സാനും പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. ഇ.വി.കളുടെ കടന്നുവരവോടെ യൂറോപ്പിലും യു.എസിലും ഇരുകമ്പനികള്‍ക്കും കടുത്ത മത്സരം നേരിടേണ്ടിവന്നിരുന്നു. വിപണിയിലും പിന്നോട്ടുപോയി. ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ ചൈനയിലെ വിപണിവിഹിതത്തിലും ഹോണ്ടയ്ക്കും നിസ്സാനും വന്‍ ഇടിവുണ്ടായി. നവംബറിലെ കണക്കു പ്രകാരം ലോകമെങ്ങുമുള്ള വൈദ്യുത കാര്‍ വില്‍പനയില്‍ 70 ശതമാനവും ചൈനീസ് കമ്പനികളാണ് കയ്യടക്കിവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി ടെസ്‌ലയെ പാദവാര്‍ഷിക വരുമാനത്തില്‍ മറികടക്കാന്‍ ബിവൈഡിക്ക് സാധിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പുതിയനീക്കത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.