പ്രൊഡക്ഷനു തയ്യാറായ പുതിയ ടാറ്റ സിയാറയെ ഓട്ടോ എക്‌സ്‌പോ 2025-ല്‍ പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷം പകുതിയോടെ ടാറ്റയുടെ ഷോറൂമുകളിലേക്ക് പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളോടെ പുതിയ സിയാറ എസ്‌യുവി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സിയേറയുടെ രൂപകല്‍പനയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സിയേറയുടെ മുന്‍ ഭാഗത്താണ് വലിയ മാറ്റമുള്ളത്. ടാറ്റയുടെ ഇവി മോഡലുകളുടേതിന് സമാനമായ മെലിഞ്ഞ ഹെഡ്‌ലൈറ്റുകളാണ് സിയാറക്കും നല്‍കിയിരിക്കുന്നത്. ബോണറ്റും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും പഴയ മോഡലില്‍ നിന്നും ചെറിയ മാറ്റങ്ങളോടെ പുതിയ മോഡലിലേക്കും എത്തിയിട്ടുണ്ട്. അതേസമയം റൂഫ് ലൈന്‍ കൂടുതല്‍ മെലിഞ്ഞതും ബോഡിയോട് ചേര്‍ന്ന് നില്‍ക്കുന്നതുമായി. അലോയ് വീലിലും ടയറുകളിലുമാണ് പിന്നെ മാറ്റമുള്ളത്. പഴയ മോഡലില്‍ 215/75 ആര്‍15 ടയറുകളാണ് ഉപയോഗിച്ചിരുന്നത്. പുതിയ സിയാറയില്‍ 19 ഇഞ്ചിന്റെ അലോയ് വീലുകളാണ് വരുന്നത്.
പുതിയ സിയേറ വൈദ്യുതി, പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളിലെത്തുന്നുണ്ട്. ഇതില്‍ ഇവിയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഐസിഇ മോഡലുകളിൽ 1.5 ലീറ്റര്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍, 2.0ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. ഓട്ടമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമുണ്ടാവും.