അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ 9/11 ആക്രമണത്തെ ഓർമിപ്പിച്ച് റഷ്യയിലെ കസാൻ നഗരത്തിൽ ബഹുനില കെട്ടിടങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം. സീരിയൽ ഡ്രോൺ (യുഎവി) ആണ് കസാൻ നഗരത്തിലെ മൂന്ന് കൂറ്റൻ ബഹുനില കെട്ടിടത്തിൽ ആക്രമണം നടത്തിയത്. എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ വിഡിയോ പുറത്തുവന്നു. യുക്രെയ്ൻ ആണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ഒരു ഡ്രോൺ റഷ്യൻ വ്യോമപ്രതിരോധ സേന വെടിവച്ചിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വീണ്ടും ആക്രമണത്തിന് സാധ്യതയുള്ളതിനാൽ മുൻകരുതലെന്ന നിലയിൽ സമീപത്തെ ഉയർന്ന കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ട്. റഷ്യയിലെ കസാൻ നഗരത്തിലെ വിമാനത്താവളത്തിൽ വിമാന സർവീസ് നിർത്തിവച്ചു. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് കസാൻ.
റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് 1030 ദിവസം പിന്നിട്ടു. ഇരു വിഭാഗവും ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആറ് വിദേശ എംബസികൾക്കും ഒരു പുരാതന കത്തീഡ്രലിനും നാശനഷ്ടമുണ്ട്. റഷ്യ അഞ്ച് ഇസ്‌കന്ദർ-എം ബാലിസ്റ്റിക് മിസൈലുകൾ കീവിന് നേരെ പ്രയോഗിച്ചെന്നും എല്ലാം വെടിവച്ചിട്ടെന്നും യുക്രെയിൻ പ്രതികരിച്ചു. അൽബേനിയ, അർജന്റീന, പാലസ്തീൻ, നോർത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ, പോർച്ചുഗൽ എംബസികൾക്കാണ് കേടുപാട് സംഭവിച്ചത്. ഈ എംബസികളെല്ലാം ഒറ്റ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥർ സുരക്ഷിതരാണ്. അതേ സമയം, യുക്രെയിൻ സെക്യൂരിറ്റി സർവീസ് (എസ്. ബി. യു) കമാൻഡ് സെന്ററാണ് ലക്ഷ്യമിട്ടതെന്ന് റഷ്യ പ്രതികരിച്ചു.