ബീജിങ്: തായ്‌വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നൽകി. തായ്‌വാന് 571 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടിനു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകിയതിനു പിന്നാലെയായിരുന്നു ചൈനീസ് പ്രതികരണം. തായ്‌വാന് ആയുധം നല്‍കുന്നത് നിര്‍ത്തണമെന്നും തായ്‌വാന്‍ കടലിടുക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തുരങ്കം വെക്കുന്ന അപകടകരമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം ആയുധങ്ങൾ നൽകിയതിനു തയ്‌വാൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
ചൈനയിൽനിന്നുള്ള ഭീഷണി നേരിടാനാണു യുഎസ് തയ്‌വാന് ആയുധങ്ങള്‍ നൽകുന്നത്. തായ്‌വാന് 571.3 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കാനുള്ള കരാറിന് വെള്ളിയാഴ്ച ജോ ബൈഡന്‍ ഒപ്പുവെച്ചിരുന്നു. സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും നല്‍കുന്നതായിരുന്നു കരാര്‍. ഇതുകൂടാതെ 291 ദശലക്ഷം ഡോളറിന്റെ പ്രതിരോധസംവിധാനങ്ങളും വില്‍പനയും ബൈഡന്‍ അംഗീകരിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ 567 ദശലക്ഷം ഡോളറിന്റെ സൈനിക സഹായത്തിന് ബൈഡന്‍ അംഗീകാരം നല്‍കിയതിന് പുറമേയാണ് പുതിയ സഹായം. ഇതിനെതിരേയാണ് ചൈന രംഗത്തുവന്നിരിക്കുന്നത്. സ്വയംഭരണ പ്രദേശമാണെങ്കിലും തായ്‌വാന്‍ തങ്ങളുടെ അധികാരപരിധിയിലുള്ള മേഖലയായിട്ടാണ് ചൈന കണക്കാക്കുന്നത്.