പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒപ്പിട്ടു. യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ 1,000-ാം ദിവസത്തിലാണ് പുടിന്‍ ഉത്തരവില്‍ ഒപ്പിട്ടത്. റഷ്യയ്ക്കുള്ളിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അമേരിക്ക ഉക്രെയ്‌ന് അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ സുപ്രധാന നീക്കം. ആണവ ശക്തികളുടെ പിന്തുണയുണ്ടെങ്കില്‍ ആണവ ഇതര രാഷ്ട്രത്തിനെതിരെ ആണവായുധം പ്രയോഗിക്കുന്നത് റഷ്യ പരിഗണിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. യുക്രെയ്‌നെയും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കം.
രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത് വന്നു. സ്വീഡൻ, നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ആഗോള തലത്തിൽ യുദ്ധ ഭീഷണി നിലനിൽക്കവെ രാജ്യത്തെ ജനങ്ങളോട് സുരക്ഷിതമായ ഇടം കണ്ടെത്തണമെന്ന് സ്വീഡൻ അറിയിച്ചു. ലഘുലേഖകളിലൂടെയാണ് സ്വീഡൻ്റെ മുന്നറിയിപ്പെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഒരാഴ്ചത്തേയ്ക്ക് ആവശ്യമായ സാധനങ്ങൾ കരുതണമെന്നാണ് നോർവെ അറിയിച്ചിരിക്കുന്നത്. ഡെൻമാർക്ക് പൗരന്മാർക്ക് റേഷൻ, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കാൻ ഇമെയിലുകൾ അയച്ചിട്ടുണ്ട്. പ്രതിസന്ധികളെ നേരിടാൻ തയ്യാറെടുക്കണമെന്ന മുന്നറിയിപ്പുമായി ഫിൻലൻഡും രംഗത്തെത്തി.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും രാഷ്ട്രീയ നേതാക്കളും, നിരീക്ഷകരും സൈനിക പ്രമുഖരുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും അപകടകരമായ നാളുകളിലൂടെയാണ് ലോകം കടന്നു പോകുന്നത് എന്നാണ്. മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന വ്യക്തമായ സൂചനയാണ് ഈ മുന്നറിയിപ്പുകൾ നൽകുന്നതെന്നാണ് വിലയിരുത്തൽ. യൂറോപ്പ് ഇപ്പോള്‍ തന്നെ ഒരു യുദ്ധത്തിന്റെ പിടിയിലാണ്. മദ്ധ്യ പൂര്‍വ്വ ദേശത്ത് മറ്റൊന്ന് നടക്കുന്നു. ചൈനയാണെങ്കില്‍ ഏത് നിമിഷവും തായ്‌വാനെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലുമാണ്. ലോകത്തിലെ പ്രധാന ശക്തികളുടെ സഖ്യരാജ്യങ്ങള്‍ മിക്കവാറും എല്ലാം തന്നെ ഓരോ സംഘര്‍ഷങ്ങളില്‍ നേരിട്ടോ അല്ലാതെയോ ഭാഗഭാക്കുകള്‍ ആയിക്കൊണ്ടിരിക്കുന്നു. ഇത് മൂന്നാം ലോകയുദ്ധത്തിന്റെ സൂചനകൾ ആണ് നൽകുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കയുടെ കൈവശം മാത്രമായിരുന്നു അണുബോംബ് ഉണ്ടായിരുന്നതെങ്കില്‍, ഇന്ന് അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, ഇസ്രയേല്‍, പാകിസ്ഥാന്‍, ഉത്തരകൊറിയ എന്നിങ്ങനെ പല ആണവ ശക്തികളാണ് ലോകത്തുള്ളത്.