പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു തോൽവി. അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനിറങ്ങിയ ഇന്ത്യൻ വനിതകളെ 83 റൺസിനാണ് ഓസ്‌ട്രേലിയൻ വനിതകൾ പരാജയപ്പെടുത്തി പരമ്പര 3-0 ന് തൂത്തുവാരിയത്.
പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ ഗാർഡ്നറുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ അന്നബെൽ സതർലൻഡിന്റെ അത്യുഗ്രൻ സെഞ്ച്വറി(110) കരുത്തിലാണ് ഓസ്ട്രേലിയ 298/6 റൺസ് നേടിയത്. തഹ്ലിയ മക്ഗ്രാത്ത് (56), ഗാർഡ്നെർ (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അരുന്ധതി റെഡ്ഡിക്ക് നാല് വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗിൽ മന്ദാനയുടെ പോരാട്ടം മാത്രമാണ് ഇന്ത്യക്ക് ആകെയുള്ള ആശ്വാസം. 109 പന്തിൽ നിന്ന് താരം 105 റൺസ് നേടി. ഹർലിൻ ഡിയോൾ (39) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറുപടി ബാറ്റിങ്ങിൽ 134 -ന് രണ്ട് എന്ന നിലയിൽനിന്നാണ് ഇന്ത്യ 215 റൺസിന് ഓൾഔട്ടായത്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തിൽ 122 റൺസിനുമായിരുന്നു ഓസ്ട്രേലിയ വിജയിച്ചത്.