ഒരാളുടെ പേരിൽ വാങ്ങുന്ന വാഹനം മറ്റൊരാൾക്ക് ഓടിക്കുവാനോ ഉപയോഗിക്കുവാനോ ആവില്ലെന്ന നില വന്നാൽ വാഹന ഉപയോഗം അസാധ്യമാകുമെന്ന സാഹചര്യം സംജാതമാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇത് സംബന്ധിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണ്.
കേരളത്തിന് പുറത്ത് അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളുടെ പേരിൽ നാട്ടിൽ വാഹനങ്ങളുണ്ട്. ഈ വാഹനങ്ങൾ ഡ്രൈവറോ ബന്ധുക്കളോ നിരത്തിലിറക്കിയാലും ഉപയോഗിച്ചാലും കുറ്റമകരമാകുമെന്ന നില വരുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണ്.
മാത്രമല്ല വാഹന ഉടമയുടെ ഒരു കുടുംബാംഗം ഈ വാഹനവുമായി സഞ്ചരിക്കുന്നത് കുറ്റകരമാകുന്ന സാഹചര്യങ്ങളെ അംഗീകരിക്കാനാവില്ല. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുവാൻ സർക്കാർ സംവിധാനങ്ങൾക്ക് നിഷ്പ്രയാസം കഴിയും. ഇതിനു പകരം പുതിയ നിയമങ്ങളും നിർദ്ദേശങ്ങളുമുണ്ടാക്കി സങ്കീർണമായ സാഹചര്യങ്ങളുണ്ടാക്കുന്നത് അഭികാമ്യമല്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.