ഡമാസ്കസ്: ലക്ഷക്കണക്കിന് അഭയാർഥികളെ തിരിച്ചെത്തിക്കുകയും രാജ്യത്ത് അടിസ്ഥാന സേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അൽ ബഷീർ പ്രഖ്യാപിച്ചു. വിദേശ കറൻസി ശേഖരമില്ലാത്ത ഖജനാവിൽ ചില്ലിക്കാശ് ശേഷിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പുതിയ പ്രധാനമന്ത്രി, മുഹമ്മദ് അൽ ബഷീർ വിവിധ നേതാക്കളുമായി സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. സർക്കാർ ഓഫിസുകൾ തുറക്കാനും പൊതുഗതാഗതമടക്കം സേവനങ്ങൾ പുനരാരംഭിക്കാനുമുള്ള ശ്രമങ്ങൾ ഇടക്കാല സർക്കാർ തുടരുന്നതിടെ, മാലിന്യം കുന്നുകൂടിയ ഡമാസ്കസിലെ തെരുവുകൾ വൃത്തിയാക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങി.
രാജ്യത്തെ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേൽ മതനിയമം അടിച്ചേൽപ്പിക്കില്ലെന്ന് സിറിയയിലെ വിമതർ. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മതപരമായ വസ്ത്രധാരണം നിർബന്ധമാക്കില്ലെന്നും എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേനയുടെ ജനറൽ കമാൻഡർ അറിയിച്ചു. അസദിനെ അട്ടിമറിച്ച വിമതരുടെ നേതൃത്വത്തിലുള്ള ഭരണം ഇസ്ലാമിക നിയമമായ ശരിഅ പ്രകാരമായിരിക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. വിമതരുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കർശന നിയന്ത്രണമുള്ളതാണ് അഭ്യൂഹത്തിന് കാരണമായിരുന്നത്. വിമത നേതാവായ അബു മുഹമ്മദ് അൽ ജുലാനി കടുത്ത ഇസ്ലാമിക യാഥാസ്ഥിതികനും അൽഖ്വയ്ദ, ഐഎസ് എന്നിവയുമായി ബന്ധമുള്ളയാളുമായിരുന്നു. അതുകൊണ്ടുതന്നെ സിറിയ മത നിയമപ്രകാരമായിരിക്കും ഭരിക്കപ്പെടുകയെന്നും സംശയമുയർന്നിരുന്നു.
സിറിയയിൽ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ ആണ് വിമതരുടെ ശ്രമം. ഭരണം പിടിച്ചെടുത്തതോടെ ഹയാത് തഹ്‌രീർ അൽഷാമിനെ (എച്ച് ടി എസ്) ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അമേരിക്കയും യു എന്നുമടക്കം നീക്കം തുടങ്ങിയിട്ടുണ്ട്.. അൽ ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ പണ്ട് അമേരിക്ക തന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് എച്ച് ടി എസ്. എച്ച് ടി എസിന്റെ നേതാവ് അബു മൊഹമ്മദ് അൽ ജുലാനി ഇറാഖിൽ അൽ ഖ്വയ്ദക്കുവേണ്ടി പ്രവർത്തിച്ചതും ജുലാനിയുടെ തലക്ക് പത്തുകോടി ഡോളർ വിലയിട്ടതും തത്‌കാലം മറക്കാനാണ് അമേരിക്കയുടെ തീരുമാനം. സിറിയയിലുള്ള 900 അമേരിക്കൻ സൈനികർ തുടരുമെന്നു വ്യക്തമാക്കിയ യുഎസ് സേന വിമതസഖ്യവുമായി ചർച്ചയ്ക്കു തുടക്കമിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ കൂടുതൽ ഇടപെടൽ നടത്താൻ എച്ച് ടി എസുമായുള്ള ബന്ധത്തിലൂടെ സാധിക്കുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് എച്ച് ടി എസിനെ ഭീകര പട്ടികയിൽ നിന്നും ഒഴിവാക്കാൻ അമേരിക്ക നീക്കം ശക്തമാക്കിയതെന്നാണ് വിലയിരുത്തലുകൾ. എച്ച് ടി എസുമായി ചർച്ചനടത്താൻ അമേരിക്കയ്‌ക്ക് നിരവധി വഴികളുണ്ടെന്ന് യു എസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു.
അതേസമയം പുതിയ സർക്കാരുമായി ചർച്ച നടത്തിയശേഷം സിറിയയിലെ സൈനികസാന്നിധ്യം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് റഷ്യ വ്യക്തമാക്കി. ചില താവളങ്ങളിലെ റഷ്യൻ പോർവിമാനങ്ങൾ സിറിയ വിട്ടെന്നും റിപ്പോർട്ടുണ്ട്. അതിനിടെ, വടക്കൻ മേഖലയിൽ യുഎസ് പിന്തുണയുള്ള കുർദിഷ് സിറിയൻ ഫോഴ്സസും തുർക്കിയുടെ പിന്തുണയുള്ള സിറിയൻ വിമതരും തമ്മിൽ വെടിനിർത്തൽ കരാറായി.
48 മണിക്കൂറിനിടെ സിറിയയുടെ വിവിധ നഗരങ്ങളിലെ 15 നാവികത്താവളങ്ങളും ആയുധപ്പുരകളും ബോംബിട്ടു തകർത്തതായി ഇസ്രയേൽ പറഞ്ഞു. ആയുധങ്ങൾ വിമതരുടെ കൈവശം എത്തുന്നത് തടയാനാണ് നശിപ്പിച്ചു കളയുന്നതെന്നാണ് വിശദീകരണം. നാവിക കപ്പലുകൾ, ആന്റി-എയർക്രാഫ്റ്റ് സംവിധാനങ്ങൾ, ഡമാസ്കസ്, ഹോംസ്, ടാർടസ്, ലതാകിയ, പാൽമിറ തുടങ്ങിയ പ്രധാന സിറിയൻ നഗരങ്ങളിലെ ആയുധ നിർമ്മാണ സൈറ്റുകൾ, സിറിയയിലെ എയർഫീൽഡുകൾ, ഡ്രോണുകൾ, മിസൈലുകൾ, ടാങ്കുകൾ, യുദ്ധവിമാനങ്ങൾ, ആയുധ ഡിപ്പോകൾ, ലോഞ്ചറുകൾ, ഫയറിംഗ് പൊസിഷനുകൾ തുടങ്ങിയവ വ്യോമാക്രമണത്തിൽ നശിപ്പിച്ചതായി സൈന്യം റിപ്പോർട്ട് ചെയ്തു. കൂടാതെ, ഇസ്രായേലിന്റെ നാവിക സേന രണ്ട് സിറിയൻ നാവിക കേന്ദ്രങ്ങളെയും ആക്രമിച്ചു. ഇതിനിടെ, മിഡിൽ ഈസ്റ്റിലേയ്ക്ക് കൂടുതൽ വികസനം വന്നെങ്കിൽ മാത്രമേ മേഖലയിലെ നിലവിലെ സ്ഥിതി മാറുകയുള്ളൂവെന്നും ഇസ്രായേൽ മിഡിൽ ഈസ്റ്റിന്റെ മുഖം മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു
അതേസമയം യുഎസ്– ഇസ്രയേൽ സംയുക്തപദ്ധതിയാണു സിറിയയിലെ അസദ് ഭരണകൂടത്തെ വീഴ്ത്തിയതെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ആരോപിച്ചു.