ന്യൂ ഡൽഹി: റഷ്യയിൽ യുദ്ധമേഖലയിൽ കുടുങ്ങിയ തൃശൂർ സ്വദേശികളായ ബിനിലിന്റെയും ജെയിന്റെയും മോചനത്തിനായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ഇടപെടൽ. വിഷയം റഷ്യൻ അംബാസിഡറിനെ നേരിട്ട് ബോധിപ്പിക്കും. റഷ്യൻ സർക്കാരിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി സ്വീകരിക്കുന്ന ചടങ്ങിൽ കാതോലിക്കാ ബാവ അംബാസിഡറെ കാണും. മാധ്യമവാർത്തകളെ തുടർന്നാണ് കാതോലിക്കാ ബാവയുടെ ഇടപെടൽ. ഇരുവരുടെയും കുടുംബാംഗങ്ങളുമായി കാതോലിക്കാ ബാവ സംസാരിച്ചു.
റഷ്യൻ സർക്കാരിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഡൽഹിയിൽ എത്തിച്ചേർന്നത്. ആധ്യാത്മിക, സാമൂഹികരംഗത്തെ സംഭാവനകളും, ഇന്ത്യ – റഷ്യ ബന്ധം മെച്ചപ്പെടുത്താൻ നടത്തുന്ന ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം. റഷ്യൻ സഭയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഫെയ്ത്ത് ആൻഡ് ഗ്ലോറി നേരത്തെ കാതോലിക്ക ബാവയ്ക്ക് സമ്മാനിച്ചിരുന്നു.
സ്വദേശത്തെയും വിദേശരാജ്യങ്ങളിലെയും പ്രതിഭകളെ ആദരിക്കുന്നതിനായി 1994-ലാണ് റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏർപ്പെടുത്തിയത്. ഒലിവ് ഇലകളാൽ ചുറ്റപ്പെട്ട ഭൂഗോളവും അതിനെ ആവരണംചെയ്യുന്ന പെന്റഗണൽ നക്ഷത്രവും ചേർന്നതാണ് പുരസ്കാര രൂപം. സമാധാനവും സൗഹൃദവും എന്ന് റഷ്യൻ ഭാഷയിൽ ആലേഖനം ചെയ്തിട്ടുമുണ്ട്. ദില്ലിയിലെ റഷ്യൻ നയതന്ത്രകാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് വ്ലാദിമിർ പുടിന് വേണ്ടി റഷ്യൻ നയതന്ത്ര പ്രതിനിധി ഡെനിസ് അലിപോവ് കാതോലിക്കാബാവയ്ക്ക് ബഹുമതി കൈമാറും.