2034-ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ. 2030 എഡിഷൻ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നടക്കും. ഇതിനൊപ്പം തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജൻ്റീന, പാരഗ്വായ്, യുറുഗ്വായ് എന്നിവിടങ്ങളിൽ ആദ്യ മൂന്ന് മത്സരങ്ങളും നടത്തും. 2034-ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്. ആതിഥേയരാകാൻ ഏഷ്യ, ഒഷ്യാനിയ മേഖലകളിൽനിന്നു മാത്രമായിരുന്നു ഫിഫ ബിഡുകൾ ക്ഷണിച്ചിരുന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി.
2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് സംയുക്ത വേദിയൊരുക്കുക. ഇത് മൂന്നാം തവണയാണ് ഏഷ്യ ഫുട്ബോൾ ലോകകപ്പിന് വേദിയാകാൻ ഒരുങ്ങുന്നത്. രണ്ടാം തവണയാണ് ഗൾഫ് രാജ്യങ്ങളിൽ ഫുട്ബോൾ മാമാങ്കമെത്തുന്നത്. 2022 ലോകകപ്പ് ഖത്തറിലായിരുന്നു നടന്നത്. ഇതിന് പിന്നാലെയാണ് സൗദിയും ലോകകപ്പിന് ആതിഥ്യമരുളാൻ താത്പ്പര്യമറിയിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോയാണ് പ്രഖ്യാപനം നടത്തുന്നത്.