ജൂനിയർ ഏഷ്യാകപ്പിൽ ഇന്ത്യക്ക് അഞ്ചാം കിരീടം. മസ്കറ്റിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ പരിശീലകന്‍. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പരിശീലക ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ടൂർണമെന്റായിരുന്നു ഇത്. രണ്ട് തവണ ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ ശ്രീജേഷ്, വിരമിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.
ഹാട്രിക് ഉൾപ്പടെ പാകിസ്താൻ വലയിൽ നാലു ഗോളുകൾ നിറച്ച അരയ്ജീത് സിംഗ് ഹുൻഡാലാണ് ഇന്ത്യൻ നിരയുടെ നട്ടെല്ലായത്. ദിൽരാജ് സിംഗാണ് ഒരു ഗോൾ നേടിയത്. പാക്കിസ്ഥാന് വേണ്ടി സൂഫിയാൻ ഇരട്ട ഗോളുകൾ നേടി. ഹനാൻ ഷാഹിദിൻ്റേതാണ് മൂന്നാം ഗോൾ. മലേഷ്യയെ 3-1 ന് തകർത്താണ് ഇന്ത്യ സെമിയിൽ കയറിയത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഇന്ത്യ 2-1 ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.